ദോഹ: ഖത്തറിലെ പ്രമുഖ ലേണിംഗ് ആന്റ് എന്റര്ടെയിന്മെന്റ് ബ്രാൻഡ് ആയ കിഡ്‌സാനിയ ദോഹയും രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ൽ ചെയിനായ അൽ മീറ സൂപ്പർമാർക്കറ്റും കൈകോർക്കുന്നു. കിഡ്‌സാനിയ ദോഹ സിറ്റിയിൽ കുട്ടികൾക്കായി കുഞ്ഞുവലിപ്പത്തിലൊരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ടാണ് വമ്പൻ കമ്പനികൾ കൗതുകമുണർത്തുന്നത്.
സമൂഹത്തിന്റെ നിത്യജീവിതത്തിൽ റീട്ടെയിൽ വാണിജ്യ മേഖല വഹിക്കുന്ന പങ്ക് കുട്ടികൾക്ക് ബോധ്യപ്പെടുത്തുക എന്ന വിദ്യാഭ്യാസ ലക്ഷ്യമാണ് സംരംഭത്തിന് പിന്നിലുള്ളത്.
കുഞ്ഞുവലുപ്പത്തിലുള്ള സൂപ്പർമാർക്കറ്റിനുള്ളിൽ, ഷോപ്പർമാരായും കച്ചവടക്കാരായും കാഷ്യർമാരായും ഡെലിവറി സ്റ്റാഫായുമെല്ലാം കുട്ടികൾ തന്നെയാണ് ഉണ്ടാവുക. സാമൂഹ്യ ഇടപെടൽ മുതൽ സാമ്പത്തിക വിജ്ഞാനീയം വരെ ചെറുകിട കച്ചവടമേഖലയുടെ അടിസ്ഥാന സ്‌കില്ലുകൾ കുട്ടികൾക്ക് നേരിട്ട് പരിചയിക്കാൻ അവസരമൊരുക്കുകയാണ് ഈ വ്യത്യസ്ത സംരംഭം.
ഒറ്റയ്ക്ക് ഷോപ്പ് ചെയ്യുന്നത് മുതൽ സാമ്പത്തിക ഇടപാടുകൾ, സ്റ്റോക്ക് ക്രമീകരണം, ഡെലിവറി, ഓർഡറുകൾ എന്നിങ്ങനെ മാർക്കറ്റിന്റെ സർവമേഖലകളിലും കുട്ടികളുടെ സാന്നിധ്യമുണ്ടാകും. ഇങ്ങനെ ഭാഗമാകുന്ന കുട്ടികൾക്ക് ‘കിഡ്‌സാനിയ കറൻസി’ രൂപത്തിൽ അർഹമായ പ്രതിഫലവുമെത്തും.
ഖത്തർ നാഷണൽ വിഷൻ 2030 ന്റെ വിവിധ ലക്ഷ്യങ്ങളിലൊന്നായ, ശക്തമായ വരുംതലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യലക്ഷ്യം കൂടി നിറവേറ്റുന്നതാണ് ഈ സംയുക്ത സംരംഭമെന്ന് സംഘാടകർ വ്യക്തമാക്കുന്നു.