ലോകത്തെ ജീവിതച്ചെലവിനെക്കുറിച്ചുള്ള റാങ്കിംഗിൽ വാടക ഇനങ്ങളിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയർന്ന ചെലവുള്ള നഗരമായി ദോഹ. ദുബായ്, അബുദാബി, കുവൈത്ത് സിറ്റി തുടങ്ങിയ നഗരങ്ങളിലേക്കാൾ കൂടുതലാണ് ദോഹയിലെ വാടകനിരക്കുകൾ. ഈ കണക്കുകളിലെ അന്താരാഷ്ട്ര ഡാറ്റാബേസ് ആയ ‘നുമ്പിയോ’ പുറത്തുവിട്ട ഇന്ഡക്സിലാണ് ഏഷ്യയിലെ 136 നഗരങ്ങളിൽ അഞ്ചാമതും മിഡിൽ ഈസ്റ്റിൽ ഒന്നാമതുമായി ദോഹയിലെ വാടക രേഖപ്പെടുത്തിയത്.
റാങ്കിംഗിൽ, ബേസ് സ്‌കോർ 100 ആയി നിജപ്പെടുത്തിയ ന്യൂയോർക്ക് സിറ്റിയുമായാണ് മറ്റു നഗരങ്ങളെ താരതമ്യം ചെയ്യുന്നത്. ആ നിലയിൽ ന്യൂയോർക്കിലെ വാടകയുടെ 52 ശതമാനം ആണ് ദോഹയിലെ നിരക്ക്.
ഏഷ്യയിൽ അഞ്ചാം സ്ഥാനത്തുള്ള ദോഹയേക്കാൾ വാടക കൂടുതലുള്ളത് ഹോങ്കോംഗ്, സിംഗപ്പൂർ, നഗോയ തുടങ്ങിയ സ്റ്റേറ്റുകളിലാണ്. ലിസ്റ്റിൽ ഗൾഫ് രാജ്യങ്ങളിൽ ദോഹ ഏറ്റവും ഉയർന്നതായപ്പോൾ ദുബായ് (7), മനാമ (23), കുവൈത്ത് സിറ്റി (15) തുടങ്ങിയ നഗരങ്ങളും വാടകനിരക്കുകളിൽ മുൻനിരയിൽ തന്നെയാണുള്ളത്.
ഒറ്റമുറി അപ്പാർട്ട്‌മെന്റുകളുടെ വാടകയിൽ ദോഹയിലെ പ്രതിമാസ ചെലവ്, അമേരിക്കയിലേക്കാൾ 16.72% കൂടുതൽ ആണെന്നും റിപ്പോർട്ട് പറയുന്നു. ഈയിനത്തിൽ ലോകത്ത് തന്നെ അഞ്ചാമത്തെ കൂടിയ നിരക്കാണ് ദോഹയിലുള്ളത് (QAR 5,804.88 ($1,549)). ഹോങ്കോങ്, സിംഗപ്പൂർ, ലക്സംബർഗ്, സ്വിറ്റ്സർലാൻഡ് എന്നിവിടങ്ങളിൽ മാത്രമാണ് ദോഹയേക്കാൾ മാസവാടകയുള്ളത്. നെതർലൻഡ്‌സ്, ജർമനി, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളിൽ താമസിക്കുന്നതിനെക്കാളൊക്കെ ചെലവേറിയതാണ് ദോഹയിലെ ഒറ്റമുറി താമസം എന്നർത്ഥം.