ഖത്തറിൽ ഇനി വാഹന രജിസ്ട്രേഷൻ പുതുക്കാൻ ട്രാഫിക്ക് പിഴ തീർക്കണമെന്നില്ല
ഖത്തറിൽ താമസിക്കുന്ന ആളുകൾക്ക് പിഴയടക്കാൻ ബാക്കിയുള്ള ട്രാഫിക്ക് കേസുകൾ നിലനിൽക്കെ തന്നെ അവരുടെ വാഹന രജിസ്ട്രേഷൻ (ഇസ്തിമാര) പുതുക്കാൻ കഴിയുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. മുമ്പ്, ആളുകൾക്ക് എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും പിഴ തീർത്തതിന് ശേഷം മാത്രമേ വാഹന രജിസ്ട്രേഷൻ പുതുക്കാൻ സാധിച്ചിരുന്നുള്ളൂ.
പുതിയ രീതിയിൽ, കാർ രജിസ്ട്രേഷൻ പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ബാക്കി നിൽക്കുന്ന ട്രാഫിക് കേസുകൾക്ക് പിഴ ഒടുക്കാതെ തന്നെ മെട്രാഷിലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ കഴിയും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകൾക്ക് ഏറെ സൗകര്യപ്രദമാകുന്ന നടപടിയാകും ഇത്.
പുതിയ നടപടിക്രമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ നിയമലംഘനങ്ങൾ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി പ്രോസിക്യൂഷന് കൈമാറുമെന്നും ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ മീഡിയ ആൻഡ് ട്രാഫിക് അവയർനസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ കേണൽ ജാബർ മുഹമ്മദ് റാഷിദ് ഒദൈബ ഖത്തർ ടിവിയോട് പറഞ്ഞു.
2022 മാർച്ച് 17-ന്, ട്രാഫിക് ലംഘനങ്ങൾക്കുള്ള ഒത്തുതീർപ്പ് സംരംഭം (50% പിഴ ഇളവ്) അവസാനിച്ചതിന് ശേഷം, പുതിയ നയങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.