മുൻ അഫ്‌ഗാൻ ഡപ്യൂട്ടി സ്പീക്കറും കടുത്ത താലിബാൻ വിമർശകയുമായ ഫൗസിയ കൂഫി ഖത്തറിലെത്തി
മുൻ അഫ്‌ഗാൻ പാർലമെന്റ് അംഗവും സ്ത്രീ അവകാശപ്രവർത്തകയുമായ ഫൗസിയ ഖൂഫി ഖത്തറിലേക്ക് അഭയാർത്ഥിയായെത്തി. ഖത്തർ അമീരി എയർ ഫോഴ്‌സ് വിമാനം, ‘സഹോദരി ഫൗസിയ’യുമായി സുരക്ഷിതമായി ലാൻഡ് ചെയ്തതായി ഖത്തർ വിദേശകാര്യ സഹമന്ത്രി ലോള്വാ അൽ ഖതർ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ഫൗസിയ കൂഫിയുടെ രണ്ട് പെണ്മക്കളെ നേരത്തെ തന്നെ ഖത്തറിലെത്തിച്ചതായും അൽ ഖതർ അറിയിച്ചു.
അഫ്‌ഗാൻ സുരക്ഷിതമല്ലെന്നും എന്നാൽ ഒരു നാൾ ജന്മനാട്ടിലേക്ക് മടങ്ങാനാവുമെന്നു പ്രതീക്ഷിക്കുന്നതായും ദോഹയിലെത്തിയ ശേഷം ഫൗസിയ കൂഫി പറഞ്ഞു. അഫ്‌ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ പ്രവർത്തങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഖത്തറിനെ അഭിനന്ദിച്ച അവർ സ്ത്രീകൾ തീരുമാനമെടുക്കുന്ന രാജ്യം മികച്ചതായിരിക്കുമെന്നും ലോള്വാ അൽ ഖതറിനെ ടാഗ് ചെയ്ത് കൊണ്ട് ട്വിറ്ററിൽ കുറിച്ചു.
അഫ്‌ഗാൻ നാഷണൽ അസംബ്ലിയിൽ ഡപ്യൂട്ടി സ്പീക്കർ പദവി അലങ്കരിച്ച ആദ്യ വനിത കൂടിയായ കൂഫി കടുത്ത താലിബാൻ വിമർശക കൂടിയായിരുന്നു. താലിബാന്റെ കാബൂൾ കീഴടക്കലിന് ശേഷം വീട്ടുതടങ്കലിൽ ആയിരുന്ന അവർ അപ്പോഴും സമാധാന ചർച്ചകളിൽ പങ്കാളിയായിരുന്നു. 10 ദിവസം മുൻപ് വരെ രാജ്യം വിടില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാനഘട്ടത്തിലാണ് ഖത്തറിലേക്ക് മാറാൻ തീരുമാനമെടുത്തത്.