Qatar
ഖത്തറിൽ ഇന്ന് ഇടിയോട് കൂടിയ മഴക്കും കാറ്റിനും സാധ്യത
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താഴ്ന്ന മേഘപടങ്ങൾക്കൊപ്പം ചൂടുള്ള പകലും ഈർപ്പമുള്ള രാത്രിയുമായിരിക്കും.
5-15 മൈൽ വേഗതയിലുള്ള വടക്കുകിഴക്കൻ-തെക്കുകിഴക്കൻ കാറ്റ് മഴയോടൊപ്പം ഇൻഷോറിൽ 25 മൈൽ വരെ വേഗതയിലേക്ക് ഉയരാം. ഓഫ്‌ഷോറിൽ ഇത് 18 മൈൽ വേഗതയിൽ പരിമിതപ്പെടും. മഴയുള്ള സമയങ്ങളിൽ ദൃശ്യപരത 3 കിലോമീറ്ററിലും കുറയാൻ സാധ്യത ഉള്ളതായും ക്യുഎംഡി മുന്നറിയിപ്പ് നൽകുന്നു.
വെള്ളി, ശനി ദിവസങ്ങളിൽ ചിലയിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം. തുടർന്ന് പകൽ, ചൂട് കനത്ത നിലയിലേക്ക് വർധിക്കും. ഈ ദിവസങ്ങളിൽ, 5 മുതൽ 15 മൈൽ വരെ വേഗത്തിൽ തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ കാറ്റ് വീശും. താപനില 31 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ വർധിക്കും.