ദോഹ. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അബൂ സംറ ബോര്‍ഡര്‍ മുഖേന സ്വകാര്യ വാഹനങ്ങളിൽ ഗൾഫ് പൗരന്മാർക്കും പ്രവാസികൾക്കും ഇന്ന് മുതൽ ഖത്തറിലേക്ക് പ്രവേശിക്കാം. ഇവർക്ക് ഹയ്യ കാർഡ് ആവശ്യമില്ല. പ്രവേശന നടപടികള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ലാന്‍ഡ് പോര്‍ട്ട് വഴി വാഹനങ്ങളില്‍ പ്രവേശിക്കുന്നതിന്, പ്രവേശനത്തിന് 12 മണിക്കൂർ മുമ്പെങ്കിലും പ്രീ-രജിസ്‌ട്രേഷന്‍ പെര്‍മിറ്റിന് അപേക്ഷിക്കണം. https://ehteraz.gov.qa/PER/vehicle
എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. പെർമിറ്റിന് പ്രത്യേക ഫീ ആവശ്യമില്ല.
റോഡ് വഴിയുള്ള യാത്രക്കാർ എത്തിച്ചേരുന്ന രാജ്യം, വാഹനങ്ങളുടെ തരം, മോഡൽ, നമ്പർ പ്ലേറ്റ്, പ്ലാറ്റ്‌ഫോമിലെ മറ്റ് അനുബന്ധ വിവരങ്ങൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതുണ്ട്.
സിസ്റ്റത്തിൽ യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തുകയും വേണം. നൽകിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ അതിനുള്ള ഓപ്ഷനും ലഭ്യമാണ്.
ഇൻഷുറൻസ് പോളിസി ഫോം പൂരിപ്പിക്കുക, ഇൻഷുറൻസ് ഫീസ് അടയ്ക്കുക തുടങ്ങിയ വളരെ എളുപ്പമുള്ള ചില ഘട്ടങ്ങൾ പാലിച്ചുകൊണ്ട് വാഹനങ്ങളുടെ ഇൻഷുറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കാണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, യാത്രക്കാർ ലോകകപ്പ് മത്സരങ്ങൾ കാണാനാണ് വരുന്നതെങ്കിൽ ടിക്കറ്റിനൊപ്പം ഹയ്യ കാർഡും കരുതേണ്ടതാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB