ഈദ് ദിനത്തിലെ വമ്പിച്ച ട്രാഫിക്ക്, പ്രത്യേകം പട്രോളിംഗുമായി ദോഹ ഗതാഗത വകുപ്പ്
ഈദ് ഉൾ അദ്ഹ പ്രാർത്ഥന നമസ്കാരവും ആഘോഷങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ പേർ എത്താനിടയുള്ള ഇടങ്ങളിൽ പട്രോളിംഗ് ശക്തമാക്കി ദോഹ ട്രാഫിക് ഡയറക്ടറേറ്റ്. മസ്ജിദുകൾ, ഈദ് ഗാഹുകൾ, അറവുശാലകൾ, വ്യാപാരകേന്ദ്രങ്ങൾ മുതലായവയ്ക്ക് ചുറ്റും വർധിപ്പിച്ച ട്രാഫിക്ക് ഉണ്ടാവാനിടയുള്ളതിനാൽ ഈ മേഖലകളിൽ നിരീക്ഷണം കർശനമാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഖത്തറിൽ 950-ഓളം കേന്ദ്രങ്ങളിലാണ് ഇപ്രാവശ്യം ഈദ് നമസ്കാരം നടക്കുക. മസ്ജിദുകളുടെയും ഈദ് ഗാഹുകളുടെയും ലിസ്റ്റ് കഴിഞ്ഞ ദിവസം ഖത്തർ മതകാര്യ വകുപ്പ് (ഔഖാഫ്) പ്രസിദ്ധീകരിച്ചിരുന്നു.
ഈദ് ദിനങ്ങളിൽ ഖത്തറിൽ കൂടുതൽ ട്രാഫിക്കും ട്രാഫിക് നിയമലംഘനങ്ങളും അനുഭവപ്പെടാറുള്ളത് പതിവാണ്. പ്രത്യേക ട്രാഫിക് പ്ലാൻ ഈദ് ദിനത്തിലേക്ക് ആവിഷ്കരിച്ചതായി ട്രാഫിക് വകുപ്പ് മീഡിയ അവയർനസ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഒദയ്‌ബ പറഞ്ഞു. പുലർച്ചെ 5:10-ഓടെ ഖത്തറിൽ പെരുന്നാൾ നമസ്കാരം തുടങ്ങും. ഈ സമയങ്ങളിൽ നമസ്കാര കേന്ദ്രങ്ങളിലും, തുടർന്ന് ബലിപെരുന്നാളിനോടനുബദ്ധിച്ചു വിശ്വാസികൾ എത്താൻ സാധ്യതയുള്ള അറവുകേന്ദ്രങ്ങളിലേക്കും പട്രോളിംഗ് വ്യാപിപ്പിക്കും. നോർത്തിലെയും സൗത്തിലെയും ബീച്ചുകളിലേക്ക് നീങ്ങുന്ന ഹൈവേകളിലും ട്രാഫിക് പോലീസിന്റെ സാന്നിധ്യമുണ്ടാകും. ഥാലാഅ പ്രോജക്ടിന്റ ഭാഗമായി റോഡുകളിൽ ഇൻസ്റ്റാൾ ചെയ്ത ക്യാമറകളിലൂടെ എല്ലാ ട്രാഫിക് നിയമലംഘനങ്ങളും ഡിപ്പാർട്ട്‌മെന്റിന്റെ നിരീക്ഷണത്തിൽപെടുമെന്നും ഒദയ്‌ബ മുന്നറിയിപ്പ് നൽകി.