ഭാഷാരത്ന പുരസ്കാരം: ഖത്തറിലെ മലയാളം ക്വിസ് മത്സരത്തിൽ ഭവൻസ് പബ്ലിക് സ്കൂളിന് ഹാട്രിക് വിജയം

ദോഹ: ഖത്തറിലെ മലയാളി സമാജം സംഘടിപ്പിച്ച ഏറ്റവും വലിയ മലയാളം ക്വിസ് മത്സരമായ “ഭാഷാരത്ന പുരസ്കാരത്തിൽ” തുടർച്ചയായ മൂന്നാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഭവൻസ് പബ്ലിക് സ്കൂൾ. ഖത്തറിലെ 17-ഓളം സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഭവൻസ് ഹാട്രിക് വിജയം സ്വന്തമാക്കിയത്.
മലയാള ഭാഷയിലും സാഹിത്യത്തിലും മികച്ച അറിവ് പ്രകടിപ്പിച്ച മാളവിക ഉണ്ണികൃഷ്ണൻ, സാൻവി ബിജീഷ് എന്നിവരടങ്ങിയ ടീമാണ് സ്കൂളിനായി അഭിമാന നേട്ടം കൈവരിച്ചത്.
വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും ഇന്ത്യൻ പാർലമെന്റ് അംഗം അഡ്വ. അടൂർ പ്രകാശ് വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കഴിവിനെ അഭിനന്ദിച്ച അദ്ദേഹം, അക്കാദമിക് മേഖലയ്ക്കൊപ്പം സാംസ്കാരിക പ്രവർത്തനങ്ങളിലും മികവ് തുടരാൻ അവരെ പ്രോത്സാഹിപ്പിച്ചു.
സ്കൂളിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച വിദ്യാർത്ഥികളെയും അവർക്ക് മാർഗനിർദേശം നൽകിയ അധ്യാപകരെയും ഭവൻസ് സ്കൂൾ മാനേജ്‌മെന്റ് അഭിനന്ദിച്ചു. ഭാരതീയ ഭാഷകളുടെ ഔന്നത്യം ഉയർത്തിപ്പിടിക്കുന്ന ഇത്തരം നേട്ടങ്ങളിൽ സ്കൂൾ ഭരണസമിതി അഭിമാനം രേഖപ്പെടുത്തി.




