ട്രംപുമായുള്ള കൂടിക്കാഴ്ച “മിഡിൽ ഈസ്റ്റിലെ സമാധാന ദൗത്യത്തിൽ മികച്ച അവസരമെന്ന്” അമീർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സൗഹൃദ കൂടിക്കാഴ്ച മിഡിൽ ഈസ്റ്റിലെ സമാധാന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാനും, ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെ തുടർനടപടികൾ സ്വീകരിക്കാനും, രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിനുള്ള സാധ്യതകൾ അവലോകനം ചെയ്യാനും നല്ലൊരു അവസരമായിരുന്നുവെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പറഞ്ഞു.
“എന്റെ സുഹൃത്ത്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, നിങ്ങളുടെ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി നിങ്ങളും പ്രതിനിധി സംഘവും നമ്മുടെ രാജ്യത്തേക്ക് വരുന്ന വേളയിൽ ഇന്ന് നിങ്ങളെ കാണാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്,” എക്സ് പ്ലാറ്റ്‌ഫോമിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ അമീർ കുറിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മലേഷ്യക്കായുള്ള യാത്രാമധ്യേ ട്രംപ് ഖത്തറിലെ അൽ ഉദൈദ് എയർബേസിൽ ഇറങ്ങി അമീർ ഷെയ്ഖ് തമീം, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.




