‘ബർദ് അൽ അസരിഖ്,’ ഇത് വരെ കണ്ടതല്ല ഖത്തറിലെ ഏറ്റവും തണുപ്പുള്ള ദിനങ്ങൾ നാളെ മുതൽ
ദോഹ: ഖത്തറിൽ വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിനങ്ങൾ എന്നറിയപ്പെടുന്ന ‘ബർദ് അൽ അസരിഖ്’ നാളെ ആരംഭിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു. നാളെ, ജനുവരി 24, മുതൽ ഈ ദിനങ്ങൾ ആരംഭിക്കുമെന്നും അടുത്ത തിങ്കളാഴ്ച (ജനുവരി 31) വരെ നീണ്ടുനിൽക്കുമെന്നും ഈ എട്ട് ദിവസങ്ങൾ വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളായി കണക്കാക്കുന്നതായും ക്യുസിഎച്ച് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖത്തറിൽ താരതമ്യേന തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്, ചിലയിടങ്ങളിൽ രാവിലെ തന്നെ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്.
ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് രാവിലെ 9-14 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസാണ്.
ശനിയാഴ്ച പുലർച്ചെ ഖത്തറിന് ചുറ്റും 0 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെയുള്ള പ്രകടമായ താപനിലയാണ് അനുഭവപ്പെട്ടത്. ഏറ്റവും കുറഞ്ഞ താപനില -2.4 ഡിഗ്രി സെൽഷ്യസ് അബുസംരയിൽ രേഖപ്പെടുത്തി.
യഥാർത്ഥ താപനിലയും പ്രകടമായ താപനിലയും തമ്മിലുള്ള വ്യത്യാസം: യഥാർത്ഥ താപനില തെർമോമീറ്ററുകൾ രേഖപ്പെടുത്തുന്നവയാണ്, അതേസമയം പ്രകടമായ താപനില മനുഷ്യർക്ക് അനുഭവപ്പെടുന്നതും അന്തരീക്ഷ ആർദ്രതയും കാറ്റിന്റെ വേഗതയും ഉൾപ്പെടെ നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടതുമാണ്.