ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ച് ഖത്തറിലെ രണ്ടുവയസ്സുള്ള മലയാളി ബാലൻ
ഓർമശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുകയാണ് ഖത്തറിലെ വസുദേവ് സജീഷ് എന്ന കൊച്ചു മിടുക്കൻ. രണ്ട് വയസ്സും 5 മാസവും പ്രായമുള്ള വസുദേവ്, പ്രായത്തിൽ കവിഞ്ഞ അസാമാന്യതകൾ കൊണ്ടാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ഇരുപത്തിയാറ് അക്ഷരങ്ങളും, 1 മുതൽ 20 വരെയുള്ള എണ്ണൽ സംഖ്യകളും തിരിച്ചറിഞ്ഞ് ക്രമപ്പെടുത്തിയും, പഴങ്ങൾ, പച്ചക്കറികൾ, അടുക്കളയിലെ വിവിധ പാത്രങ്ങൾ, നിറങ്ങൾ, മൃഗങ്ങൾ, ശരീരഭാഗങ്ങൾ, ശുചിമുറിയിലെ ആവശ്യവസ്തുക്കൾ, വാഹനങ്ങൾ, ആകൃതികൾ, കുടുംബാംഗങ്ങളുടെ സ്ഥാനപ്പേരുകൾ എന്നിങ്ങനെയല്ലാം തിരിച്ചറിഞ്ഞും, മൃഗങ്ങളുടെ ശബ്ദങ്ങളും ചേഷ്ടകളും മറ്റും അനുകരിച്ചുമൊക്കെയാണ് രണ്ടുവയസ്സുകാരൻ ഇന്ത്യ ബുക്ക് റെക്കോർഡ്‌സിലേക്ക് ചുവടുവെച്ചത്.
പെരുമ്പാവൂർ, ചക്കുങ്ങപ്പടി വീട്ടിൽ സജീഷ്- അമ്മു ദമ്പതികളുടെ ഏക മകനാണ് വസുദേവ്. അച്ഛൻ സജീഷ് ഖത്തറിലെ ഇലക്ട്ര- ഖത്തർ എന്ന സ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജറായി ജോലി ചെയ്യുകയാണ്. മകന്റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ ആവശ്യമായ പിന്തുണ നൽകി കളികളിലൂടെയും മറ്റും അറിവിന്റെ ലോകത്തേക്ക് കയ്യടിക്കുകയാണ് വസുദേവിനെ.