IndiaQatar

ദോഹ-കൊച്ചി വിമാനത്തിൽ യുവതിക്ക് നേരെ അതിക്രമം: പ്രതി നെടുമ്പാശേരിയിൽ അറസ്റ്റിൽ


നെടുമ്പാശേരി: ദോഹയിൽ നിന്നും കൊച്ചിയിലേക്ക് വന്ന ഖത്തർ എയർവേയ്‌സ് വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ തമിഴ്‌നാട് സ്വദേശി പിടിയിലായി. 62 വയസ്സുകാരനായ മോഹനാണ് നെടുമ്പാശേരി പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാവിലെ 6.30-ഓടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ വിമാനത്തിലാണ് സംഭവം നടന്നത്.

യാത്രയ്ക്കിടെ തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന മലയാളി യുവതിയോട് ഇയാൾ മോശമായി പെരുമാറുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യുവതി ഉടൻ തന്നെ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് വിമാനം ലാൻഡ് ചെയ്ത ഉടൻ വിമാനത്താവള അധികൃതർ പൊലീസിന് വിവരം കൈമാറുകയായിരുന്നു. വിമാനമിറങ്ങിയ പ്രതിയെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related Articles

Back to top button