മാഗ്നസ് കാൾസൺ ദോഹയിൽ; 2025 ഖത്തർ വേൾഡ് റാപ്പിഡ്, ബ്ലിറ്റ്സ് ചെസ് കപ്പ് ദോഹയിൽ ആരംഭിച്ചു

ഖത്തർ സർവകലാശാലയിലെ സ്പോർട്സ് ആൻഡ് ഇവന്റ്സ് കോംപ്ലക്സിൽ വേൾഡ് റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് കപ്പ് ഖത്തർ 2025 ഇന്നലെ മുതൽ ഔദ്യോഗികമായി ആരംഭിച്ചു. ഈ അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് ഡിസംബർ 30 വരെ തുടരും.
ലോകത്തിലെ മികച്ച ചെസ് താരങ്ങളാണ് മത്സരത്തിനായി ദോഹയിൽ ഒന്നിച്ചിരിക്കുന്നത്. റാപിഡ്, ബ്ലിറ്റ്സ് വിഭാഗങ്ങളിലായി ഓപ്പണും വനിതാ വിഭാഗവും ഉൾപ്പെടെ നാല് കിരീടങ്ങളാണ് മത്സരത്തിലൂടെ നിർണയിക്കുക.
പുരുഷന്മാരുടെ റാപിഡ് ചെസ് മത്സരത്തിൽ 251 താരങ്ങളും, ബ്ലിറ്റ്സ് വിഭാഗത്തിൽ 254 താരങ്ങളും പങ്കെടുക്കുന്നുണ്ട്. വനിതാ വിഭാഗങ്ങളിൽ ആകെ 142 താരങ്ങളാണ് മത്സരിക്കുന്നത്. നിലവിലെ ലോക ചാമ്പ്യന്മാർ, മുൻനിര റാപിഡ്–ബ്ലിറ്റ്സ് വിദഗ്ധർ, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ താരങ്ങൾ എന്നിവരാണ് പങ്കെടുക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ പരമ്പരാഗത ഖത്തറി അർദാ നൃത്തപ്രദർശനവും നാടക അവതരണവും അരങ്ങേറി. അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (FIDE) ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.




