ദോഹ മെട്രോ പോലെ, ഖത്തറിൽ വരുന്നു…വാട്ടർ ടാക്സിയും ബിആർടിയും
അൽ മതാർ, ലുസൈൽ, ദഫ്‌ന തുടങ്ങിയ രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ സർവീസ് നടത്താനുള്ള പ്രവർത്തനക്ഷമത പരിശോധിക്കാൻ, ഗതാഗത മന്ത്രാലയം 2022-ൽ വാട്ടർ ടാക്സി പരീക്ഷിക്കും. ‘ഖത്തർ നാഷണൽ വിഷൻ 2030’ ന്റെ കൂടി ഭാഗമാണ് വാട്ടർ ടാക്‌സി എന്ന ആശയം. ദോഹ മെട്രോയും ബസുകളും പോലുള്ള ബദൽ ഗതാഗത മാർഗ്ഗമാണ് വാട്ടർ ടാക്സി സംവിധാനം ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടിവി പരിപാടിയിൽ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി പറഞ്ഞു.
അതേസമയം, ഖത്തറിൽ ബസ് റാപ്പിഡ് ട്രാൻസിറ്റ് (ബിആർടി) പരീക്ഷിച്ചു. ട്രാമിന്റെയും ട്രെയിനിന്റെയും സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു തരം ബസാണ് ഇത്. പരീക്ഷണം വിജയകരമാണെന്ന് മന്ത്രി അറിയിച്ചു.
2022 ലെ ഫിഫ ലോകകപ്പ് ഖത്തറിൽ ഇത്തരത്തിലുള്ള ബസ് ഉപയോഗിക്കുമെന്നും അൽ ബൈത്ത് സ്റ്റേഡിയത്തിലേക്കും മസായിദ്, ദുഖാൻ തുടങ്ങിയ മറ്റ് ചില പ്രദേശങ്ങളിലേക്കും യാത്രക്കാരെ എത്തിക്കാൻ ഇത് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അറബ് കപ്പിലും തുടർന്നിങ്ങോട്ടും ഖത്തർ ഗതാഗത മേഖലയിലെ വികസന പദ്ധതികൾ വിശദീകരിക്കുകയായിരുന്നു മന്ത്രി.