ദോഹ: 2021-ലെ തുർക്കി സൂപ്പർ കപ്പ് നാളെ ദോഹ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കും. സ്പോർ ടോട്ടോ സൂപ്പർ ലിഗിലെ ചാമ്പ്യൻമാരായ ബെസിക്താസും റണ്ണറപ്പായ ഫ്രാപോർട്ട് ടിഎവി അന്റാലിസാപോറും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം ഖത്തർ സമയം രാത്രി 8:45 ന് ആരംഭിക്കും. മുൻപ് തുർക്കിയിലും ജർമ്മനിയിലും നടന്ന എല്ലാ എഡിഷനുകൾക്കും ശേഷം ഇതാദ്യമായാണ് തുർക്കി സൂപ്പർ കപ്പ് ഖത്തറിൽ നടക്കുന്നത്.
അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിന്റെ ശേഷിയുടെ പരമാവധി 25% വരെ മാത്രമാണ് കാണികളെ പ്രവേശിപ്പിക്കുക. കളിക്കാർ, ഒഫീഷ്യൽസ്, സംഘാടകർ എന്നിവരുൾപ്പെടെ ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാവർക്കും ബയോ ബബിൾ പോലെയുള്ള സംവിധാനത്തോടെയുള്ള കർശനമായ പ്രോട്ടോക്കോൾ നടപടിക്രമങ്ങൾക്കിടയിലാണ് മത്സരം നടക്കുന്നത്.
അതേസമയം, മത്സരത്തിനായി ദോഹ മെട്രോ സർവീസുകൾ നീട്ടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. ജനുവരി അഞ്ചിന് പുലർച്ചെ 1 വരെ മെട്രോ സർവീസുകൾ പ്രവർത്തിക്കും.
مستجدات خدمة مترو الدوحة
— Doha Metro & Lusail Tram (@metrotram_qa) January 4, 2022
Doha Metro service update#مترو_الدوحة#DohaMetro pic.twitter.com/w5bKTkRt9B
ഈ സീസണിൽ തുർക്കിഷ് ലീഗിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ബെസിക്താസ് ഒമ്പത് ടർക്കിഷ് സൂപ്പർ കപ്പ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്, അതിൽ അവസാനത്തേത് 2006 സീസണിലായിരുന്നു. മറുവശത്ത്, ലീഗിൽ പതിനഞ്ചാം സ്ഥാനത്തുള്ള അന്റാലിയസ്പോർ ഒരിക്കലും കിരീടം നേടിയിട്ടില്ല.
ഡിസംബർ 22 ന് നടന്ന ആഫ്രിക്കൻ സൂപ്പർ കപ്പ് മത്സരത്തിൽ മൊറോക്കോയുടെ രാജയ്‌ക്കെതിരെ ഈജിപ്ഷ്യൻ ടീം അൽ അഹ്‌ലിയുടെ വിജയമാണ് അഹമ്മദ് ബിൻ അലി സ്റ്റേഡിയം അവസാനം സാക്ഷ്യം വഹിച്ചത്. മിഡിലീസ്റ്റിന്റെ കായിക തലസ്ഥാനം എന്ന നിലയിൽ ലോകകപ്പിന് ഒരുങ്ങുന്ന ദോഹയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവലാവും ടർക്കിഷ് സൂപ്പർ കപ്പ് ആതിഥേയത്വം.