ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (ക്യുഐഎഫ്എഫ്) ഇന്നലെ അൽ ബിദ്ദ പാർക്കിൽ ഔദ്യോഗികമായി ആരംഭിച്ചു. ഒപ്പം കോർണിഷിൽ, തത്സമയ പാചക ഡെമോ, ജഗ്ലർമാർ, യൂണിസൈക്കിൾ, ഫയർവർക്ക്‌സ് തുടങ്ങിയവ ആഘോഷത്തിന് അകമ്പടിയായി.
ഡിസംബർ 17 വരെ അൽ ബിദ്ദ പാർക്കിലും ഡിസംബർ 3 വരെ കോർണിഷിലും നടക്കുന്ന ക്യുഐഎഫ്എഫിന്റെ പതിനൊന്നാമത് എഡിഷൻ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സിഇഒയും ഖത്തർ ടൂറിസം ചെയർമാനുമായ അക്ബർ അൽ ബേക്കറാണ് ഉദ്ഘാടനം ചെയ്തത്.
സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഘോഷമാണ് ഫെസ്റ്റിവലെന്നും ഖത്തറിന്റെ പ്രകൃതിരമണീയമായ വേദികളിൽ ഭക്ഷ്യ-പാനീയ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിലും ലോകമെമ്പാടുമുള്ള പാചക കലാകാരന്മാരെ പരിചയപ്പെടുത്തുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അൽ ബേക്കർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ക്യുഐഎഫ്എഫ് ഈ വർഷത്തെ ഒരു ‘നാഴികക്കല്ല് പതിപ്പായി’ അൽ ബേക്കർ വിശേഷിപ്പിച്ചു. “ഞങ്ങൾക്ക് ആഗോളതലത്തിൽ പ്രശസ്തരായ 16 സെലിബ്രിറ്റി ഷെഫുകൾ ഉണ്ട്, അതിൽ എട്ട് ലോകോത്തര ഷെഫുകൾ ഞങ്ങളോടൊപ്പം ചേരുന്നു. ലോകമെമ്പാടുമുള്ള ജനപ്രിയ പാചകരീതികൾ പ്രദർശിപ്പിക്കുന്നതിനായി ഈ പാചക വിദഗ്‌ദ്ധരെ ഒരുമിച്ച് കൊണ്ടുവന്നിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
വിജയകരമായ ഖത്തരി പദ്ധതികളുടെ ലോഞ്ച് പാഡായി ഫെസ്റ്റിവലിനെ ഉപയോഗിക്കുന്ന സംരംഭകർ വർധിച്ചുവരുന്നതായും ചെയർമാൻ ചൂണ്ടിക്കാട്ടി.