ഖത്തറിൽ ട്രാഫിക് നിയമലംഘനം നടത്തി പിഴയടക്കാത്തവർക്ക് സെപ്‌തംബർ 1 മുതൽ രാജ്യം വിടാനാകില്ല
ഖത്തറിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ലഭിച്ച്, അത് അടക്കാത്തവർക്ക് സെപ്‌തംബർ 1 മുതൽ കര, വായു, സമുദ്ര അതിർത്തികളിലൂടെ രാജ്യം വിടാൻ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രാലയം വീണ്ടുമോർപ്പിച്ചു. മെട്രാഷ്2 ആപ്പ്, ആഭ്യന്തര മന്ത്രാലയത്തിൻ്റെ (MoI) വെബ്‌സൈറ്റ്, ട്രാഫിക് സെക്ഷനുകൾ അല്ലെങ്കിൽ ഏകീകൃത സേവന കേന്ദ്രങ്ങൾ എന്നിവയിലൂടെ പിഴ അടയ്ക്കാം.
നിലവിൽ, മെക്കാനിക്കൽ വാഹനങ്ങൾക്ക് ട്രാഫിക് പിഴയിൽ 50% കിഴിവുണ്ടെങ്കിലും അത് ഓഗസ്റ്റ് 31ന് അവസാനിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമാണ്.
പുതിയ നിയമങ്ങൾ പ്രകാരം, ഒരു മെക്കാനിക്കൽ വാഹനം ഖത്തറിൽ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ്, നിങ്ങൾ ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് പെർമിറ്റ് വാങ്ങണം. ഈ പെർമിറ്റ് ലഭിക്കുന്നതിന്, വാഹനത്തിന് ട്രാഫിക് ലംഘനങ്ങളൊന്നും ഉണ്ടാകരുത്, അന്തിമ ലക്ഷ്യസ്ഥാനം വ്യക്തമാക്കണം, കൂടാതെ അപേക്ഷകൻ വാഹന ഉടമ ആയിരിക്കുകയോ ഉടമയുടെ സമ്മതം ലഭിച്ചതിന്റെ തെളിവോ ഉണ്ടായിരിക്കണം.
ഈ എക്‌സിറ്റ് പെർമിറ്റ് ആവശ്യമുള്ളതിൽ നിന്നും ചില വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾ ഇല്ലാത്ത ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ, ഡ്രൈവർ തന്നെ വാഹനത്തിന്റെ ഉടമയോ ഡ്രൈവറുടെ കയ്യിൽ ഉടമയുടെ സമ്മതമോ ഉള്ള വാഹനങ്ങൾ, ചരക്ക് ഗതാഗത വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
നിലവിൽ ഖത്തറിന് പുറത്ത് ഖത്തറി പ്ലേറ്റുകളുള്ള വാഹനങ്ങളുടെ കാര്യത്തിൽ, നിശ്ചിത കാലത്തേക്ക് വാഹനം വിദേശത്ത് നിലനിർത്താനുള്ള പെർമിറ്റ് ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് ലഭിച്ചിട്ടില്ലെങ്കിൽ, ഈ അറിയിപ്പ് ലഭിച്ച് 90 ദിവസത്തിനുള്ളിൽ അവ തിരികെയെത്തിക്കണം. പെർമിറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ് വാഹനങ്ങളും തിരിച്ചെത്തിക്കണം, ആവശ്യമെങ്കിൽ പെർമിറ്റ് പുതുക്കാവുന്നതാണ്.
ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും. ഇത് പ്രകാരം 90 ദിവസം വരെ വാഹനം കണ്ടുകെട്ടാൻ സാധ്യതയുണ്ട്. ഖത്തറിനുള്ളിൽ സാങ്കേതിക പരിശോധന നടത്താതെ രാജ്യത്തിന് പുറത്തുള്ള വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കാനാകില്ല. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ, ലൈസൻസ് പ്ലേറ്റുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലേക്ക് തിരികെ നൽകണം. പ്ലേറ്റുകൾ തിരികെ നൽകുന്നില്ലെങ്കിൽ ഒരു വർഷം വരെ തടവോ 3,000 റിയാലിനും 10,000 റിയാലിനും ഇടയിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.