ജൂലൈയിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർദ്ധനവെന്ന് ക്യുസിഎഎ
ഖത്തറിലെ വ്യോമയാന വ്യവസായം അതിവേഗം വളരുന്നതിനു തെളിവായി കൂടുതൽ യാത്രക്കാർ രാജ്യത്തേക്ക് വരുന്നു. 2023 ജൂലൈയിലെ 4.3 ദശലക്ഷം യാത്രക്കാരെ അപേക്ഷിച്ച് 2024 ജൂലൈയിലെ വിമാന യാത്രക്കാരുടെ എണ്ണം 10 ശതമാനം വർധിച്ച് 4.7 ദശലക്ഷത്തിൽ എത്തിയതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി റിപ്പോർട്ട് ചെയ്തു.
ഫ്ലൈറ്റ് പോക്കുവരവുകൾ 7 ശതമാനവും വർധിച്ചിട്ടുണ്ട്. 2024 ജൂലൈയിൽ 24,179 ഫ്‌ളൈറ്റ് പോക്കുവരവുകളാണ് ഉണ്ടായത്, 2023 ജൂലൈയിൽ ഇത് 22,598 ആയിരുന്നു. എയർ കാർഗോയും മെയിലും 13.9 ശതമാനം വർധിച്ചു, മുൻ വർഷത്തെ 195,244 ടണ്ണിൽ നിന്ന് ഈ വർഷം 222,415 ടൺ ആയാണ് ഉയർന്നത്.
ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) 2024 ജൂലൈ എക്കാലത്തെയും തിരക്കേറിയ മാസമാണെന്ന് വെളിപ്പെടുത്തിയിരുന്നു. 4.73 ദശലക്ഷം യാത്രക്കാർക്കാണ് എയർപോർട്ട് സേവനങ്ങൾ നൽകിയത്. സമ്മറിലെ ഉയർന്ന ഡിമാൻഡ് കാരണം എയർപോർട്ടിൻ്റെ എയർലൈൻ പങ്കാളികളിൽ നിന്നും ഫ്‌ളൈറ്റ് ഫ്രീക്വൻസി വർധിച്ചത് ഈ ട്രാഫിക്കിനു കാരണമായിട്ടുണ്ട്.
ഖത്തർ എയർവേയ്‌സ് അതിൻ്റെ ശൃംഖല വിപുലീകരിക്കുകയും സീസണൽ സമ്മർ ഫ്ലൈറ്റുകൾ കൂട്ടിച്ചേർക്കുകയും വിമാനത്താവളത്തിൻ്റെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്‌തു. 2024 ജൂണിനെ അപേക്ഷിച്ച് HIA-യിലെ ഫ്ലൈറ്റ് പോക്കുവരവുകൾ 3.9 ശതമാനം വർദ്ധിച്ചു.
ഖത്തറിൻ്റെ വ്യോമയാന മേഖല അഭിവൃദ്ധി പ്രാപിക്കുകയും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിമാനങ്ങളുടെയും യാത്രക്കാരുടെയും ഈ വർദ്ധനവ് കാണിക്കുന്നു. HIA-യുടെ മികച്ച സൗകര്യങ്ങൾ ലോകമെമ്പാടുമുള്ള യാത്രക്കാരെയും വിമാനക്കമ്പനികളെയും ആകർഷിക്കുന്നു, ഇത് മേഖലയിലെ വ്യോമയാന വ്യവസായത്തിൻ്റെ വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും സംഭാവന നൽകുന്നു.