ഈ വർഷം ജൂൺ മാസത്തിൽ അതിനു മുൻപത്തെ മാസത്തെ അപേക്ഷിച്ച് റോഡ് ട്രാഫിക് അപകടങ്ങൾ 14 ശതമാനം കുറഞ്ഞതായി നാഷണൽ പ്ലാനിങ് കൗൺസിൽ (NPC) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. 2024 മെയ് മാസത്തിലെ 752 അപകടങ്ങളെ അപേക്ഷിച്ച് ജൂണിൽ രാജ്യത്ത് മൊത്തം 647 ട്രാഫിക് അപകടങ്ങളാണ് രേഖപ്പെടുത്തിയതെന്ന് NPC പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
മരണങ്ങൾക്ക് കാരണമാകുന്ന ഗുരുതരമായ റോഡപകടങ്ങൾ ജൂൺ മാസത്തിൽ 17.6 ശതമാനം കുറഞ്ഞിട്ടുണ്ട്. 2024 ജൂണിൽ ട്രാഫിക് അപകടങ്ങളിൽ 14 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ, മെയ് മാസത്തിൽ അത് 17 മരണങ്ങളായിരുന്നു. വാഹനാപകടങ്ങളിൽ ഭൂരിഭാഗവും സാരമുള്ളതല്ല. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മെയ് മാസത്തിൽ 30 വലിയ അപകടങ്ങളും ജൂണിൽ 36 വലിയ അപകടങ്ങളും മാത്രമാണ് ഉണ്ടായത്.
വർഷത്തിൻ്റെ ആദ്യ പകുതിയിൽ 4,562 വാഹനാപകടങ്ങൾ രജിസ്റ്റർ ചെയ്തു; 83 മരണങ്ങളും 238 വലിയ അപകടങ്ങളും 4,241 ചെറിയ അപകടങ്ങളും ഉൾപ്പെടെയാണിത്. ഖത്തറിലെ റോഡുകൾ സുരക്ഷിതമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക്കും ബന്ധപ്പെട്ട മറ്റ് അധികാരികളും നടത്തിയ സംയുക്തമായ ശ്രമങ്ങളുടെ കൂടി ഭാഗമായാണ് ട്രാഫിക് നിയമലംഘനങ്ങളും അപകടങ്ങളും കുറഞ്ഞിട്ടുള്ളത് .
ജൂൺ മാസത്തിൽ മൊത്തം 200,327 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വർഷക്കണക്കിൽ 9.3 ശതമാനവും പ്രതിമാസം 6.7 ശതമാനവും കുറഞ്ഞു. 2024 മെയ് മാസത്തിൽ 214,817 നിയമലംഘനങ്ങളും കഴിഞ്ഞ വർഷം ജൂണിൽ 220,818 നിയമലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലംഘനങ്ങളിൽ ഭൂരിഭാഗവും വേഗപരിധിയുമായി ബന്ധപ്പെട്ടതാണ്, ജൂണിൽ 100,842 ലംഘനങ്ങളാണ് ഈ വിഭാഗത്തിൽ നടന്നത്.
സുരക്ഷിതമായ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ വികസനം, നിരീക്ഷണം, ബോധവൽക്കരണം, അധികാരികളുടെ വാഹന ഫിറ്റ്നസ് ഉറപ്പാക്കൽ തുടങ്ങിയവ കാരണം റോഡ് സുരക്ഷയിൽ രാജ്യത്തിനു പുരോഗതിയുണ്ട്. റോഡ് സുരക്ഷാ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ, രാജ്യത്തുടനീളമുള്ള റോഡുകളിലും ഇന്റർസെക്ഷനുകളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിലൂടെ ട്രാഫിക് പോലീസ് സീറ്റ് ബെൽറ്റിൻ്റെയും മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെയും ലംഘനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
ട്രാഫിക് പട്രോളിംഗും നിരീക്ഷണ ക്യാമറകളും സീറ്റ് ബെൽറ്റ് ധരിക്കാത്തതായി കണ്ടെത്തിയാൽ ഡ്രൈവർമാർക്കും മുൻസീറ്റിലെ യാത്രക്കാർക്കുമെതിരെ നിയമലംഘനം രജിസ്റ്റർ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 സെപ്തംബർ 1 മുതൽ ട്രാഫിക് നിയമ ലംഘകർക്ക് പിഴയും കുടിശ്ശികയും നൽകാതെ ഒരു അതിർത്തിയിലൂടെയും രാജ്യം വിടാൻ അനുവദിക്കില്ലെന്നും MoI അറിയിച്ചു.