ദോഹ: ജൂലൈ 12 ന് നിലവിൽ വരുന്ന പുതിയ ട്രാവൽ നയത്തിൽ, ഖത്തറിലേക്ക് തിരികെയെത്തുന്നവരിൽ, 6 മാസത്തിലധികം കാലം ഖത്തറിന് പുറത്ത് കഴിഞ്ഞവർക്ക് എൻട്രി പെർമിറ്റ് ആവശ്യമാണ്. ഇതിനായി, കോവിഡിന് മുൻപ് ചെയ്തത് പോലെ, ബന്ധപ്പെട്ട കമ്പനിയോ സ്പോൺസറോ മെട്രാഷ്2 ആപ്പ് വഴിയോ ഹുക്കൂമി വെബ്‌സൈറ്റ് വഴിയോ 500 റിയാൽ ഫീസ് അടച്ച് പെർമിറ്റ് കരസ്ഥമാക്കുകയാണ് വേണ്ടത്.
വിസയും ഖത്തർ ഐഡിയും കാലാവധി കഴിഞ്ഞവർക്ക് അത് പുതുക്കിയ ശേഷം മാത്രമേ പ്രവേശനാനുമതി ലഭിക്കുകയുള്ളൂ.
ഖത്തറിന് പുറത്ത് 6 മാസത്തിൽ കുറവ് മാത്രം താമസിച്ചവർക്കും വിസയുടെയും ഐഡിയുടെയും കാലാവധി കഴിയാത്തവർക്കും എക്സപ്ഷണൽ പെർമിറ്റ് ആവശ്യമില്ല.
യാത്ര പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപ്, ehteraz.gov.qa എന്ന വെബ്‌സൈറ്റിൽ പാസ്പോർട്ട്, ഐഡി, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഹോട്ടൽ ക്വാറന്റീൻ ആവശ്യമുള്ള വിഭാഗമാണെങ്കിൽ ബുക്കിംഗ് രേഖകൾ തുടങ്ങിയവ ഡിജിറ്റലായി അപ്ലോഡ് ചെയ്ത് ട്രാവൽ ഓതറൈസേഷൻ കരസ്ഥമാക്കണം.
പുറപ്പെടലിന് 72 മണിക്കൂറിനുള്ളിലും ഖത്തറിലെത്തിയ ശേഷവും ആർട്ടിപിസിആർ ടെസ്റ്റിന് വിധേയമാകണം.