
ദോഹ: പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവയുടെ പ്രതിദിന വില ബുള്ളറ്റിൻ പ്രദർശിപ്പിക്കേണ്ടത് സ്റ്റോർ ഉടമകളുടെ ഉത്തരവാദിത്തമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
“ഉപഭോക്താവിനോടുള്ള വ്യാപാരിയുടെ ഉത്തരവാദിത്തങ്ങളിൽ ദിവസേനയുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും വില ബുള്ളറ്റിൻ വ്യക്തമായി സ്റ്റോറിൽ പ്രദർശിപ്പിക്കുന്നതും ഉൾപ്പെടുന്നു,” മന്ത്രാലയം ട്വീറ്റ് ചെയ്തു.
ചരക്കുകളുടെ വില നിയന്ത്രിക്കുന്നതിന്, പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം, മറ്റ് സമുദ്രവിഭവങ്ങൾ എന്നിവയുടെ പ്രതിദിന വില ബുള്ളറ്റിൻ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നു. വ്യാപാരികൾ ഈ പരിധി പാലിക്കേണ്ടതുണ്ട്, എന്നാൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പരമാവധി പരിധിയിൽ നിന്ന് വില കുറയ്ക്കാവുന്നതാണ്.
വിലക്കയറ്റത്തെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കാൻ മന്ത്രാലയ ഉദ്യോഗസ്ഥർ മാർക്കറ്റുകളിൽ പതിവായി പരിശോധന നടത്തുകയും ചെയ്യും.




