ദോഹ: 2022 ഖത്തർ ലോകകപ്പിനായി രാജ്യം പൂർണമായും സജ്ജരാണെന്നു ആവർത്തിച്ചു ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ ഥാനി. ഖത്തറിലെ പ്രാദേശിക ദിനപ്പത്രങ്ങളുടെ എഡിറ്റർമാർക്കായി അനുവദിച്ച പ്രഥമ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകകപ്പ് ആഗതമാകുമ്പോഴേക്കും ലോകത്ത് ജനസംഖ്യയിൽ വലിയൊരു വിഭാഗവും കോവിഡ് വാക്സീൻ മുഴുവൻ ഡോസും സ്വീകരിച്ചിട്ടുണ്ടാവും. എന്നാൽ ഏതെങ്കിലും കാരണം കൊണ്ട് വാക്സീൻ ലഭ്യമാകാത്ത രാജ്യങ്ങളിൽ നിന്നുള്ള കാണികൾക്കായി ഖത്തർ ഏറ്റവും കുറഞ്ഞത് 10 ലക്ഷം ഡോസ് വാക്സീനുകൾ നൽകും. ഇതിനായി വാക്സീൻ കമ്പനികളുമായി ഖത്തർ ഭരണകൂടം ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. വാക്സീൻ രണ്ട് ഡോസും സ്വീകരിക്കാത്തവർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നു ചൂണ്ടിക്കാട്ടിയ ഷെയ്ഖ് ഖാലിദ് ഖത്തർ ലോകകപ്പ് പൂർണമായും കൊവിഡ് മുക്തമായിരിക്കുമെന്നു എടുത്തുപറഞ്ഞു.
പാൻഡമിക്കിനെ തുടർന്ന് തുടക്കത്തിൽ ഉണ്ടായ ചില പതർച്ചകൾ ഒഴിച്ചാൽ ഖത്തറിന്റെ ലോകകപ്പ് അടിസ്ഥാന സൗകര്യ വികസനങ്ങൾ അതിവേഗത്തിൽ ലക്ഷ്യത്തോട് അടുത്തതായും മത്സരങ്ങൾ നടത്താൻ രാജ്യം പൂർണ സജ്ജരാണെന്നും അദ്ദേഹം ആവർത്തിച്ചു. മിക്ക സ്റ്റേഡിയങ്ങളും പൂർണമായും പ്രവർത്തന സജ്ജമാണ്. പലതിലും ഇതിനോടകം അന്താരാഷ്ട്ര മത്സരങ്ങൾ നടന്നുകഴിഞ്ഞു. ആകെ 8 ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ലുസൈൽ, അൽ തുമാമ, റാസ് അൽ അബൗദ് എന്നീ മൂന്നെണ്ണം മാത്രമാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഇതിൽ ഫൈനൽ മത്സരം നടക്കാനിരിക്കുന്ന ലുസൈൽ സ്റ്റേഡിയം 90% നിർമ്മാണം പൂർത്തിയായതാണ്.
ആരോഗ്യമേഖല, ഗതാഗത സംവിധാനങ്ങൾ, താമസസൗകര്യങ്ങൾ എന്നിങ്ങനെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാന സംവിധാനങ്ങളും ലോകത്തെ ഏറ്റവും മികച്ച നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.