ഇന്ത്യയിൽ നിന്ന് കൊവീഷീൽഡ് വാക്സീൻ എടുത്തവർക്ക് യുഎഇ യാത്രയിൽ ആശങ്ക വേണ്ട.
ദുബായ്: ജൂണ് 23 മുതൽ ഇന്ത്യയിൽ നിന്നും രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കായി യാത്രവിലക്ക് നീക്കിയിരിക്കുകയാണ് യുഎഇ. എന്നാൽ ഇതിനായുള്ള നിബന്ധനകളിൽ യുഎഇ അംഗീകൃത വാക്സീനുകൾ എടുത്തവർ എന്ന് പ്രത്യേകം പറഞ്ഞിരുന്നു. സിനോഫോം, ഫൈസർ എൻബയോടെക്, സ്പുട്നിക്ക് വി, ഓക്സ്ഫോർഡ് ആസ്ട്രാസെനിക്ക എന്നിവയാണ് നിലവിൽ യുഎഇ അംഗീകൃത വാക്സീനുകൾ. ഇതിൽ ഓക്സ്ഫോർഡ് ആസ്ട്രാസെനിക്ക എന്ന പേരാണ് ആളുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത്.
ഇതിനെത്തുടർന്ന് യാത്രക്കാരുടെ സംശയങ്ങൾക്ക് ഓക്സ്ഫോർഡ് ആസ്ട്രാസെനിക്ക കോവിഷീൽഡ് തന്നെയാണെന്നും ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് യുഎഇ യാത്ര അനുവദനീയമാണെന്നും ദുബായ് ആരോഗ്യവകുപ്പ് മറുപടി നൽകി. ഓക്സ്ഫോർഡ് ആസ്ട്രസനിക്ക മാത്രമാണ് വിദേശരാജ്യങ്ങളിൽ അനുവദനീയം എന്നിരിക്കെ വിദേശത്ത് പോകുന്നവർക്കുള്ള വാക്സിനേഷനിൽ കോവിഷീൽഡ് തന്നെയാണ് ഇന്ത്യയിൽ വ്യാപകമായി നൽകുന്നത്. അതേ സമയം ഇന്ത്യയിൽ നൽകപ്പെടുന്ന മറ്റൊരു വാക്സീനായ കൊവാക്സിൻ എടുത്തവർക്ക് ഇപ്പോഴും വിദേശയാത്ര സാധ്യമാകില്ല. യുഎഇ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ കൊവാക്സിൻ ഇതുവരെയും അംഗീകൃതമായിട്ടില്ല.
യാത്രക്കാർക്കുള്ള മറ്റു നിബന്ധനകൾ:
യാത്രക്കാർ റസിഡന്റ് വിസയുള്ളവർ ആയിരിക്കണം., സന്ദർശക വിസയുള്ളവർക്ക് അനുമതി ബാധകമാകില്ല. യാത്രക്ക് 48 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് പിസിആർ ടെസ്റ്റ് റിസൾട്ട് ഉള്ളവരായിരിക്കണം. പുറപ്പെടലിന് 4 മണിക്കൂർ മുൻപായി റാപ്പിഡ് പിസിആർ ടെസ്റ്റിന് വിധേയമാകണം. യുഎഇയിൽ എത്തിയാൽ വീണ്ടും പിസിആർ ടെസ്റ്റിന് വിധേയമാകണം. 24 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകുന്നത് വരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ തുടരണം.