കണ്ടീഷണലി അപ്രൂവ്ഡ് വാക്സീനുകളുടെ പട്ടികയിൽ രണ്ട് വാക്സിനുകൾ കൂടി ഉൾപ്പെടുത്തി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. സിനോഫാം വാക്സീൻ കൂടാതെ സിനോവാക്, സ്പുട്നിക് (V) എന്നീ കോവിഡ് വാക്സിനുകളാണ് കണ്ടീഷണലി അപ്രൂവ്ഡ് വാക്സിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കണ്ടീഷണലി അപ്രൂവ്ഡ് വാക്സിനുകളുടെ രണ്ട് ഡോസുകൾ എടുത്തവർ രണ്ടാമത്തെ ഡോസിന് 14 ദിവസത്തിന് ശേഷം ഖത്തറിലേക്ക് വരുന്നതിന് മുന്നോടിയായി, ഒരു പൊസിറ്റീവ് സെറോളജി ആന്റിബോഡി പരിശോധനക്ക് വിധേയമാകൽ നിർബന്ധമാണ്.
ഇന്ത്യ ഉൾപ്പെടെ ഏത് രാജ്യങ്ങളിൽ നിന്നും കണ്ടീഷണലി അപ്പ്രൂവ്ഡ് വാക്സീൻ സ്വീകരിച്ച യാത്രക്കാർക്കും ഈ ടെസ്റ്റ് ബാധകമാണ്. 30 ദിവസമാണ് ടെസ്റ്റ് ഫലത്തിന്റെ വാലിഡിറ്റി. ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ യാത്രക്കാരൻ പൂർണ്ണ പ്രതിരോധശേഷി നേടിയതായി കണക്കാക്കും.
കണ്ടീഷണലി അപ്രൂവ്ഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത ആളുകൾ അതിനു ശേഷം ഒരു ഡോസ് ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിൻ എടുത്ത് 14 ദിവസം പിന്നിട്ടാലും പൂർണ്ണമായി രോഗപ്രതിരോധശേഷി നേടിയതായി പരിഗണിക്കും.
ഫൈസർ/ബയോഎൻടെക് (കോമിർനാറ്റി), മോഡേണ (സ്പൈക്ക് വാക്സ്), ആസ്ട്രാസെനേക്ക (കോവിഷീൽഡ്/ഓക്സ്ഫോർഡ്/വാക്‌സെവ്രിയ), ജാൻസൺ/ജോൺസൺ & ജോൺസൺ എന്നിവയാണ് ഖത്തറിലെ പൂർണ്ണ അംഗീകൃതമായ മറ്റു വാക്‌സീനുകൾ.