2022 നവംബർ 1 മുതൽ എല്ലാ സന്ദർശകർക്കും വ്യോമ, കര, സമുദ്ര അതിർത്തികൾ വഴി ഖത്തറിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ലോകകപ്പ് സമയത്ത് ഹയ്യ കാർഡ് ഉടമകളെ മാത്രമാണ് ‘സന്ദർശനത്തിന്’ അനുവദിക്കുക. എന്നാൽ നേരത്തെ പ്രഖ്യാപിച്ച പോലെ പൗരന്മാർക്കും താമസ വിസക്കാർക്കും ഈ നിബന്ധനയില്ല.
2022 ഡിസംബർ 23 മുതൽ സന്ദർശന വിസകൾ പുനരാരംഭിക്കും.
ഹയ്യ കാർഡ് ഉടമകൾക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കൂവെന്നും ഇവരെ 2023 ജനുവരി 23 വരെ രാജ്യത്ത് തുടരാൻ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
2022 നവംബർ 1 നും ഡിസംബർ 23 നും ഇടയിൽ ഖത്തറിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചത് ബാധകമല്ലാത്ത വിഭാഗങ്ങൾ താഴെ പറയുന്നു:
- ഖത്തരി ഐഡി കാർഡ് കൈവശമുള്ള ഖത്തർ പൗരന്മാർ, താമസക്കാർ, ജിസിസി പൗരന്മാർ
- വ്യക്തിഗത റിക്രൂട്ട്‌മെന്റ് വിസകളും വർക്ക് എൻട്രി പെർമിറ്റുകളും ഉള്ളവർ
- എയർപോർട്ട് വഴിയുള്ള മാനുഷിക പരിഗണനയുള്ള കേസുകൾ (ഔദ്യോഗിക ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നുള്ള അംഗീകാരത്തെ അടിസ്ഥാനമാക്കി)
2022 നവംബർ 20 ന് ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് കാലത്ത് ഖത്തറിലേക്കുള്ള പ്രവേശനത്തിന്റെയും പുറത്തുകടക്കലിന്റെയും നിയന്ത്രണത്തെ സംബന്ധിച്ച് ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രാലയം വിവരങ്ങൾ പങ്കിട്ടത്.