ദോഹ: ഖത്തറിലെത്തുന്ന സന്ദർശക വിസക്കാർ ഉൾപ്പെടെ ഹെൽത്ത് ഇൻഷുറൻസ് രെജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. ഹെൽത്ത് ഇന്ഷുറൻസ് ഇല്ലാത്ത വ്യക്തികൾക്ക് എയർപോർട്ടിൽ പ്രവേശനാനുമതി നിരസിക്കപ്പെടാൻ സാധ്യത നിലനിൽക്കുന്നുണ്ട്. ഖത്തറിൽ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക് അടക്കം ഹെൽത്ത് ഇൻഷുറൻസ് നിബന്ധനയുണ്ട്. എന്നാൽ ഇവരോടൊപ്പം ഫാമിലി വിസയിൽ എത്തുന്ന കുടുംബാംഗങ്ങളോ മറ്റു സന്ദർശകരോ ഇത് ശ്രദ്ധിക്കണമെന്നില്ല. ഇത്തരത്തിൽ ഫാമിലി വിസയിലെത്തിയ പലർക്കും എയർപോർട്ടിൽ അധികൃതർ യാത്രാതടസ്സം ഉന്നയിക്കുന്നുണ്ട്. തുടർന്ന് ഹെൽത്ത് ഇൻഷുറൻസ് എടുത്ത ശേഷം മാത്രമാണ് ഇവരെ കടത്തി വിടുന്നത്. സന്ദർശകർ ഖത്തറിൽ താമസിക്കുന്ന അത്രയും കാലത്തേക്കാണ് ഇൻഷുറൻസ് സ്വീകരിക്കേണ്ടത്. ഖത്തറിലെത്തിയ ശേഷമുള്ള അടിസ്ഥാന ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായാണ് ഇവർക്ക് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കിയത്.