ഓഗസ്റ്റ് 29 ന് സ്‌കൂളുകൾ തുറക്കും; ഈ വർഷവും ‘ബ്ലെൻഡഡ് ലേണിംഗ്’ തുടരും
ദോഹ: 2021-22 അധ്യയന വർഷത്തിലും ഖത്തറിൽ ബ്ലെൻഡഡ് ലേണിംഗ് അഥവാ, ഓണ്ലൈൻ-ഓഫ്‌ലൈൻ സമ്മിശ്ര പഠനം തുടരുമെന്ന് ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 29 മുതലാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്. ആകെ ശേഷിയുടെ 50% വിദ്യാർത്ഥികളെയാവും ക്ലാസിൽ പ്രവേശിപ്പിക്കുക.മറ്റു വിദ്യാർത്ഥികൾക്ക് ഓണ്ലൈനിൽ ക്ലാസുകൾ ലഭ്യമാക്കണം. ഈ രീതിയിൽ ചാക്രികമായി കുട്ടികളെ പങ്കെടുപ്പിച്ച് ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകണം.
വളരെ കുറച്ചു കുട്ടികൾ മാത്രമുള്ള സ്‌കൂളുകൾക്ക് 100% ശേഷിയിൽ തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാം. എന്നാൽ ഒരു ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണം 15 പേരിൽ കൂടരുത്. കുട്ടികൾക്കിടയിൽ 1.5 മീറ്റർ അകലമെങ്കിലും ഉണ്ടായിരിക്കുകയും വേണം. 50% ശേഷിയിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലും ഇതേ നില തന്നെയാണ് തുടരേണ്ടത്. ഇതിനായി കുട്ടികളെ 15 പേർ വീതമുള്ള ഗ്രൂപ്പുകളായി തിരിക്കണം. കുട്ടികൾ ഉൾപ്പെടെ ഏവർക്കും മാസ്‌ക് നിർബന്ധമാണ്.
പ്രൈവറ്റ്, ഗവണ്മെന്റ് ഭേദമന്യേ ടെക്നിക്കൽ സ്‌കൂളുകൾ, ഭിന്നശേഷിയുള്ളവർക്കുള്ള സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ മുതലായവയ്ക്കെല്ലാം നിലവിലെ നിർദ്ദേശങ്ങൾ ബാധകമാണ്. ഖത്തറിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 94% സ്റ്റാഫുകളും നിലവിൽ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കാത്ത അധ്യാപകരും സ്റ്റാഫുകളും ആഴ്ച്ച തോറും റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് വിധേയമാകണം എന്നും നിർദ്ദേശമുണ്ട്.