വാക്സീൻ വിതരണത്തിനായി ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൊവാക്സ് സമിതിയുമായുള്ള കരാറിന്റെ ഭാഗമായി 48000 ആസ്ട്രാസെനെക്ക വാക്സിനുകൾ ഇന്നലെ രാത്രിയോടെ ഖത്തറിലെത്തി. ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ് ഈ വാർത്ത. ഖത്തറിലെത്തിയ ഇവർക്ക് രണ്ടാം ഡോസ് സ്വീകരണം ഇനി എളുപ്പമാകും. നേരത്തെ ഖത്തറിൽ ആസ്ട്രസനിക്ക വാക്സീന്റെ ലഭ്യത കുറഞ്ഞത് ഇന്ത്യയിൽ നിന്നുൾപ്പടെ കൊവീഷീൽഡ് ഒരു ഡോസ് മാത്രമെടുത്ത് ഖത്തറിലെത്തിയവരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
പുതിയ ഡോസുകൾ എത്തിയതോടെ, അര്‍ഹരായവര്‍ക്ക് അസ്ട്രസെനിക വാക്‌സിന്‍ നല്‍കുമെന്ന് കോവിഡ് നിയന്ത്രണ ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് കമ്മറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചിട്ടുണ്ട്. ഇതുൾപ്പടെ എല്ലാ വാക്സീനും ഖത്തറിൽ സൗജന്യമാണ്. ഖത്തറിൽ വാക്സീനെടുക്കാൻ യോഗ്യരായ 12 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 92% ഒരു ഡോസും 79.1% പേർ രണ്ട് ഡോസുമെടുത്തു വാക്സിനേഷൻ അതിന്റെ അവസാന ഘട്ടത്തിലാണ്.