അമേരിക്ക-ഇറാൻ മധ്യസ്ഥതയിൽ ഖത്തറില്ല; ശ്രദ്ധ മുഴുവൻ രാജ്യസുരക്ഷയിലെന്ന് വിദേശകാര്യ മന്ത്രാലയം

ദോഹ: ഇറാനും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥ ചർച്ചകളിൽ നിലവിൽ ഖത്തർ ഭാഗമല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി. ഇന്ന് (ചൊവ്വ) നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ നിലപാട് അറിയിച്ചത്.
മധ്യസ്ഥശ്രമങ്ങളേക്കാൾ ഉപരിയായി, നിലവിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമാണ് ഖത്തർ ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ നേരിട്ട വിവിധ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് രാജ്യം ഇപ്പോൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രശ്നപരിഹാരത്തിനായി വിവിധ പ്രാദേശിക, അന്തർദേശീയ രാജ്യങ്ങളുമായുള്ള ആശയവിനിമയം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സംഘടനകൾ വഴി സമാധാന ശ്രമങ്ങൾക്കായുള്ള ചർച്ചകൾ നടന്നുവരികയാണ്.
നിലവിലെ യുദ്ധസാഹചര്യം ഗൾഫ് മേഖലയുടെ സുരക്ഷാ സംവിധാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നയതന്ത്രപരമായ നീക്കങ്ങളിലൂടെ മാത്രമേ ഈ തർക്കങ്ങൾ അവസാനിപ്പിക്കാൻ കഴിയൂ എന്നും, എത്രയും വേഗം ബന്ധപ്പെട്ട കക്ഷികൾ ചർച്ചാ മേശയിലേക്ക് എത്തുകയാണ് വേണ്ടതെന്നും അൻസാരി ചൂണ്ടിക്കാട്ടി




