ദോഹ: ഖത്തറിൽ ഇന്ന് പുതിയ 443 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. വെറും 139 പേർക്ക് മാത്രം രോഗമുക്തി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 3443 ആയി ഉയർന്നു. മാസങ്ങൾക്ക് ശേഷം രാജ്യം രണ്ടാം തരംഗകാലത്തിനേത് സമാനമായ കേസുകളിലേക്ക് പോകുമ്പോൾ, നിയന്ത്രണങ്ങൾ ശക്തമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ രാജ്യത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പുതിയ മാറ്റങ്ങൾ 2021 ഡിസംബർ 31 വെള്ളിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്യത്തിൽ വരും.
– തുറസ്സായ സ്ഥലങ്ങളിൽ സ്പോർട്സ് പരിശീലിക്കുന്ന ആളുകൾ ഒഴികെ അടച്ചതും തുറന്നതുമായ എല്ലാ പൊതു സ്ഥലങ്ങളിലും മാസ്ക് ധരിക്കൽ നിർബന്ധമാക്കി
– കോൺഫറൻസുകളുടെയും എക്സിബിഷനുകളുടെയും ഇവന്റുകളുടെയും കാര്യത്തിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
- തുറസ്സായ സ്ഥലങ്ങളിൽ ശേഷി 75% കവിയരുത്.
- അടച്ച സ്ഥലങ്ങളിൽ ശേഷി 50% കവിയരുത്. പങ്കെടുക്കുന്നവരിൽ 90% പേരും പൂർണ്ണമായി വാക്‌സിനേഷൻ എടുത്തവർ ആകണം. വാക്‌സിൻ പൂർത്തിയാക്കാത്തവർ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താൻ ബാധ്യസ്ഥരാണ്.
- എല്ലാ സാഹചര്യങ്ങളിലും, ഏതെങ്കിലും കോൺഫറൻസ്, എക്സിബിഷൻ അല്ലെങ്കിൽ ഇവന്റ് എന്നിവ നടത്തുന്നതിന് മുമ്പ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
– പൊതുജനാരോഗ്യ മന്ത്രാലയം നിർണ്ണയിച്ചിട്ടുള്ള നിബന്ധനകൾ, നടപടിക്രമങ്ങൾ, മുൻകരുതൽ നടപടികൾ, നിയന്ത്രണങ്ങൾ എന്നിവ കര്ശനമാക്കും.
– ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, മറ്റ് സർക്കാർ ഏജൻസികൾ – ഓരോന്നും അതിന്റെ അധികാരപരിധിക്കുള്ളിൽ – ഈ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ പരിശോധന നടപടികൾ കൈക്കൊള്ളും.