‘പൂർവികരുടെ പുൽമൈതാനങ്ങളെ’ ഓർമ്മിപ്പിച്ച് ഖത്തർ ദേശീയദിന മുദ്രാവാക്യം പുറത്തിറങ്ങി
ദോഹ: 2021 ലെ ഖത്തർ ദേശീയ ദിനത്തിന്റെ മുദ്രാവാക്യം ദേശീയ ദിനാഘോഷ സംഘാടകസമിതി ഇന്ന് പുറത്തിറക്കി. അറബി ഭാഷയിലുള്ള മുദ്രാവാക്യം ‘പൂർവികരുടെ പുൽമൈതാനങ്ങൾ: വിശ്വസ്ഥതയോടെ കാത്തുസൂക്ഷിക്കപ്പെടേണ്ടത്’ എന്നർത്ഥം വരുന്നതാണ്. “ANCESTRAL MEADOWS: A MATTER OF TRUST” എന്നാണ് മുദ്രാവാക്യത്തിന്റെ ഇംഗ്ലീഷ് ഭാഷ്യം.
ഖത്തറിന്റെ സ്ഥാപകനായ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനിയുടെ കവിതയെ അടിസ്ഥാനമാക്കിയുള്ളതാണ് മുദ്രാവാക്യം. അദ്ദേഹത്തിന്റെ കവിതയിൽ നിന്ന് പ്രചോദമുൾക്കൊണ്ടുള്ള വരികൾ ഖത്തർ സമൂഹത്തിന്റെ പരിസ്ഥിതിയുമായുള്ള ശക്തമായ ബന്ധത്തെയാണ് ധ്വനിപ്പിക്കുന്നത്. പരിസ്‌ഥിതിയോടുള്ള കരുതലും പരിസ്ഥിതി സംരക്ഷണത്തിനുള്ള ആഹ്വാനവുമാണ് മുദ്രാവാക്യത്തിന്റെ കാതൽ.
വിശ്വസ്തത, ഐക്യദാർഢ്യം, ഐക്യം, ദേശാഭിമാനം തുടങ്ങിയവ വർദ്ധിപ്പിക്കുന്നതിനുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതിയുടെ ലക്ഷ്യങ്ങൾക്കൊപ്പം പങ്കാളിത്തം, പ്രചോദനം, സർഗ്ഗാത്മകത, സുതാര്യത എന്നിവയടങ്ങുന്ന സമിതിയുടെ മൂല്യങ്ങൾക്ക് കൂടി പ്രാധാന്യം നൽകുന്നതാണ് ഖത്തർ ദേശീയദിന മുദ്രാവാക്യം. മുദ്രാവാക്യങ്ങൾ താത്കാലിക ആഘോഷവാക്യത്തിനുപരി ദേശീയ ദിനത്തിന്റെ ദീർഘകാല ലക്ഷ്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ദേശീയ ചിഹ്നങ്ങളേയും സ്ഥാപകനായ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനിയുടെ നേതൃത്വത്തിൽ ദേശത്തിലെ സ്വാധീനശക്തികളായ വ്യക്തികളെയും അവരുടെ തത്വങ്ങളേയും മൂല്യങ്ങളെയും അത് ഉയർത്തിക്കാട്ടുന്നു. ഖത്തരി സമൂഹത്തിന്റെ പ്രാരംഭനിമിഷം മുതലുള്ള അടിസ്ഥാനമൂല്യങ്ങളെ വാക്യം പ്രതിഫലിപ്പിക്കുന്നു.
എല്ലാ വർഷവും ഡിസംബർ 18 നാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. പ്രസ്തുതദിനം പരസ്പ്പര-ഐക്യദാർഢ്യം ആഘോഷിക്കുന്നതിനൊപ്പം രാഷ്ട്രപിതാവായ ഷെയ്ഖ് ജാസിമിനോടുള്ള സ്നേഹവായ്പുകൾ ഖത്തർ സമൂഹം സ്മരിക്കുകയും ചെയ്യുന്നു.