ദോഹ: ഡിസംബർ 1 മുതലുള്ള ഡിസ്കവർ ഖത്തറിലെ ഹോട്ടൽ ക്വാറന്റീൻ പാക്കേജ് നിരക്കുകളിൽ പ്രകടമായ വർധന. വാക്സീനെടുത്ത ഇന്ത്യക്കാർക്ക് ഉൾപ്പെടെ ബാധകമായ 2 ദിന ക്വാറന്റീന് ഒരാൾക്ക് ഒരു റൂമിനുള്ള ഏറ്റവും കുറഞ്ഞ ചാർജ്ജ് 1101 റിയാൽ ആണ്. ഡിസംബർ 1 മുതൽ 10 വരെ ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിൽ ലഭ്യമായ മുറികൾക്കാണ് ഈ നിരക്ക്. നിലവിൽ 900 റിയാലിന് താഴെയുള്ള മുറികൾ ലഭ്യമായിടത്താണ് ഡിസംബറിൽ കുതിച്ചുചാട്ടമുണ്ടാകുന്നത്.
കുറഞ്ഞ വരുമാന വേതനകാർക്കുള്ള മെക്കനീസ് ക്വാറന്റീനിൽ ആകട്ടെ, ഡിസംബർ 12 വരെ ബുക്കിംഗ് പോലും ലഭ്യമല്ല. വാക്സീൻ പൂർത്തിയാക്കാത്തവർക്കുള്ള 7 ദിന ക്വാറന്റീനിന് 3000 റിയാലിന് മുകളിലാണ് ലഭ്യമായ കുറഞ്ഞ ചാർജ്ജ്.
ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ച് ദോഹയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്ധിച്ചതാണ് റൂം ലഭ്യതയ്ക്ക് ഡിമാന്റും വിലയും കുതിക്കാൻ കാരണമെന്ന് കരുതുന്നു.
ഡിസംബറിൽ വിമാന ടിക്കറ്റും ഉയരുമെന്നിരിക്കെ ഇത് സാധാരണക്കാരായ പ്രവാസികൾക്ക് വീണ്ടും തിരിച്ചടിയാവാനുള്ള ആശങ്കയേറുന്നു.