അഫ്‌ഗാനിൽ നിന്ന് ഖത്തർ ഇതുവരെ രക്ഷിച്ചത് 40,000-ലധികം പേരെ
ദോഹ: താലിബാന്റെ കീഴടക്കലിന് ശേഷം അഫ്ഗാനിസ്താനിൽ നിന്ന് ഖത്തർ ഇതുവരെ സുരക്ഷിതമായി ഒഴിപ്പിച്ചത് 40,000 ലധികം പേരെ. ഇവരിൽ മിക്കവർക്കും ഖത്തറിൽ തന്നെയാണ് താത്കാലിക അഭയസ്ഥാനം ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങളും കുട്ടികളും സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾപ്പെടുന്നതാണ് ഒഴിപ്പിച്ചവരിൽ കൂടുതലും.
വിവിധ മാധ്യമ സംഘടനകളുടെയും, എൻജിഒകളുടെയും മറ്റു അന്താരാഷ്ട്ര ഗ്രൂപ്പുകളുടെയും അഭ്യർത്ഥന പ്രകാരം ആയിരക്കണക്കിന് ഉദ്യോഗസ്‌ഥരേയും അവരുടെ കുടുംബങ്ങളെയും ഖത്തർ അഫ്‌ഗാനിൽ നിന്ന് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. യുഎസ്, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരേയും ഖത്തറിന്റെ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഒഴിപ്പിച്ചു.
ഖത്തറിലെത്തുന്ന താത്കാലിക അഭയാർത്ഥികളെ ആരെയും രാജ്യം പെട്ടെന്നുള്ള തിരിച്ചയക്കലിന് വിധേയമാക്കിയിട്ടില്ല. ഇവർക്ക് ആവശ്യമായ താമസം, ഭക്ഷണം, ഹെൽത്ത് കെയർ, മറ്റു അടിസ്ഥാന സേവനങ്ങൾക്ക് പുറമെ ഏവർക്കും പിസിആർ ടെസ്റ്റും ആവശ്യമെങ്കിൽ കോവിഡ് വാക്സീനും ഖത്തർ നൽകുന്നുണ്ട്. താത്കാലിക അഭയം തേടി ഖത്തറിലുള്ളവരിൽ മിക്കവരും വിദ്യാർത്ഥികളും സ്ത്രീകളും മാധ്യമ പ്രവർത്തകരുമാണ്. രാജ്യം അതിഥികളായാണ് ഇവരെ സ്വീകരിച്ചിരിക്കുന്നത്.
അഫ്‌ഗാനിൽ സമാധാന പുനഃസ്ഥാപനത്തിനായി, ചർച്ചകളിലൂടെയും വികസന പ്രവർത്തനങ്ങളിലൂടെയും ജനതയ്ക്ക് ഖത്തർ നൽകുന്ന പിന്തുണയിൽ നിന്ന് പിന്നോട്ടില്ലെന്ന് രാജ്യം ആവർത്തിച്ചു വ്യക്തമാക്കി.