ദോഹ: രാജ്യത്ത് ഇന്ന് 1177 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 826 സമ്പർക്ക രോഗികളും 351 യാത്രക്കാരുമുൾപ്പെടുന്നതാണ് ഈ കണക്ക്. 2020 ന് ശേഷം ഇതാദ്യമായാണ് ഖത്തറിൽ പ്രതിദിന രോഗികൾ 1000 കടക്കുന്നത്. രാജ്യം മുന്‍പൊന്നുമില്ലാത്ത വിധം തീവ്ര വ്യാപനത്തിന്റെ പിടിയിലാണ് എന്ന സൂചന കൂടിയായി ഇത്.
രോഗമുക്തി 186 മാത്രം. ഇതോടെ ആകെ രോഗികൾ 6842 ആയി ഉയർന്നു. പുതുതായി 74 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആകെ 346 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഇന്ന് എത്തിയ 4 പേർ ഉൾപ്പെടെ 32 പേരാണ് ഐസിയുവിൽ.
രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് സംഭവിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. 2021 മാർച്ചിലെ രണ്ടാം തരംഗത്തേക്കാൾ രോഗബാധ ഉയരുമ്പോഴും ലക്ഷണങ്ങൾ മിതമാണെന്നും ബഹുഭൂരിപക്ഷത്തിനും ഹോം ഐസൊലേഷൻ മതിയെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.
33663 ടെസ്റ്റുകളാണ് ഇന്ന് നടത്തിയത്. രാജ്യത്താകെ ടെസ്റ്റുകൾക്ക് തിരക്ക് വർധിക്കുന്നതായാണ് കാണുന്നത്. ഇത് റിസൾട്ട് വൈകാനും കാരണമാകുന്നത് യാത്രക്കാരെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കുന്നു.