ദോഹ: ഖത്തറിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘകരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഞായറാഴ്ച 1143 പേർക്കെതിരെയാണ് വിവിധ ലംഘനങ്ങളിൽ കേസ് ചുമത്തപ്പെട്ടത്. 789 പേർ മാസ്‌ക് ധരിക്കാൻ വിസമ്മതിച്ചവരാണ്. സാമൂഹ്യ അകലം പാലിക്കാത്തതിനെതിരെ 342 പേർക്കെതിരെ കേസെടുത്തു. ഇഹ്തിറാസ് ഇൻസ്റ്റാൾ ചെയ്യാത്തതിന് കേസെടുത്തത് 12 പേർക്കെതിരെയാണ്.
1990 ലെ പകർച്ചവ്യാധി നിയന്ത്രണ നിയമം 17 പ്രകാരമാണ് ഇക്കൂട്ടർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുക. ഖത്തറിൽ കഴിഞ്ഞ ധാരാളം ആഴ്ചകളിലായി കോവിഡ് നിരക്ക് ഉയർന്ന് നിൽക്കുകയാണ്. എന്നാൽ അപ്പോഴും പ്രോട്ടോക്കോൾ ലംഘകർ കൂടുന്നതായാണ് കാണുന്നത്. അതേ സമയം ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഖത്തറിൽ പ്രതിദിന രോഗമുക്തി ഉയർന്നിട്ടുണ്ട്. 306 പേർക്ക് രോഗമുക്തി റിപ്പോർട്ട് ചെയ്തപ്പോൾ പുതുതായി രോഗം സ്ഥിരീകരിച്ചത് 179 പേർക്ക് മാത്രമാണ്. ഇതോടെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 2718 ആയി കുറഞ്ഞു.