ദോഹ: ഖത്തറില്‍ പുതിയ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്. ഒരിടവേളയ്ക്ക് ശേഷം ഖത്തറിൽ ഇതാദ്യമായി കോവിഡ് കേസുകൾ 100 ൽ താഴെയെത്തി. ഇന്ന് 82 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 30 പേര്‍ വിദേശത്ത് നിന്നെത്തിയ യാത്രക്കാരും 52 പേര്‍ ഖത്തർ താമസക്കാരുമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 164 പേര്‍ക്ക് രോഗമുക്തിയും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 233,116 ആയി. ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 1,666 ആയി കുറയുകയും ചെയ്തു. ആകെ കോവിഡ് മരണം 604 ആയി തുടരുന്നു.
പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 7 പേർ ഉൾപ്പെടെ 64 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇന്നലെ ഐസിയു കേസുകൾ ഇല്ല. ആകെ ഐസിയുവിലുള്ളവർ 18 പേർ മാത്രം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,605 ഡോസ് വാക്സിനുകള്‍ ആണ് രാജ്യത്ത് നൽകിയത്. രാജ്യത്ത് വാകസിനേഷന്‍ കാംപയിന്‍ ആരംഭിച്ചതിനു ശേഷം 46,53,019 ഡോസ് വാക്സീനുകൾ ഇതുവരെ വിതരണം ചെയ്തു. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 80 ശതമാനം പേര്‍ പൂര്‍ണമായും വാക്‌സിനെടുക്കയും കേസുകൾ ഗണ്യമായി കുറയുകയും ചെയ്തതോടെ ഖത്തർ സാമൂഹ്യപ്രതിരോധശേഷിയിലേക്ക് വളരെയേറെ അടുത്തതായി കരുതുന്നു. സെപ്റ്റംബർ 15 മുതൽ മുൻഗണനാടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസ് വിതരണവും സജീവമാണ്.