നിറഞ്ഞ പുഞ്ചിരിയിൽ പരിവേഷങ്ങളില്ലാതെ അമീർ, സൗദി കിരീടാവകാശിയോടൊപ്പമുള്ള ഫോട്ടോ വൈറൽ
റിയാദ്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ത്വഹ്നൂന്‍ ബിന്‍ സായിദ് അല്‍നഹ്യാനും ഒരുമിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ. സൗദി കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടര്‍ ബദ്ര് അല്‍അസാകിര്‍ ആണ് ട്വീറ്ററിലൂടെ ചിത്രം പങ്കുവെച്ചത്. പതിവ് ഔദ്യോഗിക പരിവേഷങ്ങളും പരിവാരങ്ങളും ഇല്ലാതെ കാഷ്വൽ വസ്ത്രത്തിൽ നിറഞ്ഞ പുഞ്ചിരിയോടെയാണ് അമീർ ഷെയ്ഖ് തമീം ചിത്രത്തിലുള്ളത്.
ഔദ്യോഗികവേഷത്തിലല്ലാതെ ചെങ്കടലില്‍ മൂവരും സൗഹൃദ സംഗമത്തിനായി ഒരുമിച്ച അപൂർവ്വ കാഴ്ച്ചയാണ് സോഷ്യൽ ലോകത്തിന്റെ ഹൃദയം കവർന്നത്. സൗദി അറേബ്യൻ ദിനപ്പത്രമായ സൗദി ഗസറ്റ് ഉൾപ്പെടെ ചിത്രം ഫ്രണ്ട്പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഖത്തര്‍ ഉപരോധം അവസാനിപ്പിച്ച് അല്‍ഉല കരാര്‍ ഒപ്പുവെച്ച ശേഷം സൗദി അറേബ്യയും ഖത്തറും യു.എ.ഇയും തമ്മിൽ രൂപപ്പെട്ട ഊഷ്മളമായ ബന്ധത്തെ കുറിക്കുന്നതാണ് ചിത്രമെന്നാണ് അഭ്യുദയകാംക്ഷികളുടെ കമന്റുകൾ.
لقاء ودي أخوي بالبحر الأحمر
— بدر العساكر Bader Al Asaker (@Badermasaker) September 17, 2021
يجمع سمو سيدي الأمير محمد بن سلمان وأمير دولة قطر الشيخ تميم بن حمد آل ثاني، ومستشار الأمن الوطني في دولة الإمارات الشيخ طحنون بن زايد آل نهيان. pic.twitter.com/2nAUJ8HPM5