QatarUncategorized

ഖത്തറിൽ തൊഴിലന്വേഷിച്ചലയുന്നവർക്ക് സൗജന്യ ടാക്സി സേവനം; പ്രവാസി മലയാളിയുടെ കനിവിന് വ്യാപക അഭിനന്ദനം

ദോഹ: ഖത്തറിൽ പ്രതികൂല സാഹചര്യങ്ങളിലും തൊഴിലന്വേഷിക്കേണ്ടി വരുന്ന നിരവധിയായ പ്രവാസികൾക്ക് സൗജന്യ ടാക്സി സേവനവുമായി കാരുണ്യത്തിന്റെ സാരഥ്യമാവുകയാണ് മലയാളിയായ ലിന്റോ തോമസ്. കഴിഞ്ഞയാഴ്ച്ച ഖത്തർ മലയാളീസ് ഫേസ്ബുക്ക് ഗ്രൂപ്പിൽ ലിന്റോ പങ്കുവെച്ച പോസ്റ്റ് ഇപ്പോഴിതാ ഖത്തറിലെ പ്രമുഖ ദേശീയ മാധ്യമമായ ഗൾഫ് ടൈംസ് ഉൾപ്പെടെ വാർത്തയാക്കിയിരിക്കുകയാണ്. 

തൊഴിലന്വേഷണവുമായി ബന്ധപ്പെട്ട് സ്വകാര്യ ടാക്സികളിലോ ബസ്സുകളിലോ നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന ദിനങ്ങൾ ഖത്തറിലെ ഏത് തൊഴിൽരഹിത പ്രവാസിക്കും മടുപ്പിക്കുന്ന ഓർമകളാണ്. വാഹനങ്ങളെ ആശ്രയിക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാതെ പൊള്ളുന്ന വെയിലത്ത് കാൽനടയായി ജോലിയന്വേഷിക്കുന്നവരോടാണ് ലിന്റോ തോമസ് സൗജന്യമായി ടാക്സി സേവനം വാഗ്ദാനം ചെയ്ത് പോസ്റ്റ് ഇട്ടത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായ പോസ്റ്റിൽ അഭിനന്ദനങ്ങൾക്കൊപ്പം ലിന്റോയുടെ ഉദ്യമത്തിന് സഹായ സഹകരണങ്ങളുമായി സമാനഹൃദയരും എത്തിയിരുന്നു. 

13 വർഷങ്ങൾക്ക് മുൻപ് ഖത്തറിലെത്തിയപ്പോൾ കർവ ബസ്സിൽ കാശുകൊടുത്ത് അലഞ്ഞ തന്റെ അനുഭവങ്ങളാണ് ഈ ഉദ്യമത്തിലേക്ക് തിരിച്ചതെന്ന് ലിന്റോ പറയുന്നു. സെയിൽസ്മാൻ മുതൽ സ്വീവേജ് ക്ളീനർ ആയി വരെ ജോലി നോക്കിയ ലിന്റോ അൽമറയിലും തുടർന്ന് ബലദ്നയിലും ഡ്രൈവറായി ജോലി ചെയ്‌തു. നിലവിൽ ഒരു കമ്പനിയിൽ തൊഴിലാളികളുടെ ട്രാൻസ്‌പോർട്ട് ഡ്രൈവറായി ജോലി ചെയ്യുന്ന ലിന്റോ സ്വന്തമായുള്ള ഏതാനും കാറുകൾ വാടകയ്ക്കും നൽകുന്നു. നിലവിൽ സാമ്പത്തികഭദ്രതയുള്ള തനിക്ക് കുറഞ്ഞ മണിക്കൂറുകളിലെ ജോലിക്ക് ശേഷം മറ്റുള്ളവരെ സഹായിക്കാൻ സമയമുണ്ടെന്ന് ലിന്റോ പറയുന്നു. തന്റെ തത്സ്ഥിതിക്കുള്ള കൃതജ്ഞത മാത്രമാണതെന്നും ലിന്റോ സൂചിപ്പിക്കുന്നു. ഒരു കൂലിത്തൊഴിലാളിയായിരിക്കുമ്പോഴും ഉള്ളതിൽ നിന്ന് മറ്റുളവരെ സഹായിച്ച തന്റെ മാതാവ് കാണിച്ച മാതൃകയ്ക്കാണ് ലിന്റോ എല്ലാ കടപ്പാടും അറിയിക്കുന്നത്. 

ഖത്തർ മലയാളീസിലെ പോസ്റ്റിന് ശേഷം ഇന്ധനച്ചെലവ് ഉൾപ്പെടെ ഓഫർ ചെയ്തെത്തിയ സഹായമനസ്‌കരേയും സ്നേഹപൂർവം നിരസിച്ചിരിക്കുകയാണ് ലിന്റോ. നിലവിലെ സേവനങ്ങൾക്ക് അധിക സാമ്പത്തിക സഹായങ്ങൾ ആവശ്യമില്ലെന്നാണ് ലിന്റോയുടെ പക്ഷം. സിവി നൽകാനോ ഇന്റർവ്യൂവിനോ ആയി കാൽനടയായി കഷ്ടപ്പെടുന്നവർ മാത്രം വിളിക്കുക എന്നാണ് ലിന്റോയുടെ പോസ്റ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button