ഫിഫ അറബ് കപ്പ് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള, സ്റ്റേഡിയം 974-ൽ ഇന്ന് നടന്ന ഖത്തർ-ഈജിപ്ത് മത്സരം ആവേശകരമായ അന്ത്യത്തിൽ, പെനാൽട്ടി ഷൂട്ടൗട്ടിൽ ഖത്തർ വിജയിച്ചു (5-4). ഗോളി ബർഷമിന്റെ ഗംഭീര സേവുകൾ വിജയനിമിഷം വരെയും ഖത്തറിനെ രക്ഷിച്ചു. എക്സ്ട്രാ സമയം അനുവദിക്കപ്പെടേണ്ടി വന്ന മത്സരത്തിൽ ഒരു നിമിഷം പോലും ഇരുടീമുകളുടെയും ഗോൾ വല കുലുങ്ങിയില്ല (0-0).
ശേഷം അനുവദിച്ച പെനാൽട്ടി ഷൂട്ടൗട്ടിൽ ഖത്തറിന് ആദ്യ കിക്ക് (അൽഹൈദോസ്) തന്നെ നഷ്ടപ്പെടുകയും വിജയപ്രതീക്ഷ നിലനിൽക്കാൻ പോലും ഈജിപ്ത് ഒരു ഗോളെങ്കിലും നിർബന്ധമായും നഷ്ടപ്പെടുത്തിയാൽ മാത്രമേ മതിയാകൂ എന്ന അവസ്ഥയിൽ എത്തുകയും ചെയ്തു. ഏതൊരു ടീമിനും ശ്വാസം മുട്ടലുണ്ടാക്കുന്ന ഈ നിലയിൽ നിന്ന് ആത്മവിശ്വാസവും ഭാഗ്യവും ഖത്തറിനെ തുണച്ചപ്പോൾ പെനാൽട്ടി ഷൂട്ടൗട്ട് 5-4 എന്ന നിലയിൽ വിജയിച്ച്, ടീം അറബ് കപ്പ് മൂന്നാമനായി.
ഹെഗാസി അടിച്ച ഈജിപ്തിന്റെ മൂന്നാമത്തെ ഷൂട്ട് ഖത്തർ ഗോളി മിശാൽ ബർഷം വിദഗ്ധമായി തടഞ്ഞ് തങ്ങൾക്ക് സമനില പിടിച്ചു. ആറാമത്തെ കിക്കിലേക്ക് നീണ്ട ഷൂട്ടൗട്ടിൽ പക്ഷെ എം.ഷെരീഫിന്റെ കിക്കിൽ ഈജിപ്തിന് വീണ്ടും പിഴച്ചു. ശ്വാസം അടക്കിപ്പിടിച്ച രണ്ടേകാൽ മണിക്കൂറോളം നീണ്ടുനിന്ന മൂന്നാം സ്ഥാനക്കാരുടെ ഫൈനലിന് നാടകീയമായ അന്ത്യം.
തുടക്കം മുതൽ ഇഞ്ചോടിഞ്ച് തീ പാറിയ പോരാട്ടത്തിൽ ഗോൾ ശ്രമങ്ങളും ഗോൾ പാഴാകലും തുടർ പരമ്പര തന്നെയായിരുന്നു. ഗോളി ബർഷമിന്റെ മികച്ച പ്രകടനം വിജയനിമിഷം വരെയും ഖത്തറിന് തുണയായി. ആവേശം കത്തി നിന്ന മത്സരത്തിൽ നിന്ന് മൂന്നാം സ്ഥാനക്കാരായി മടങ്ങുമ്പോൾ ഖത്തറിന് തീർച്ചയായും അഭിമാനിക്കാവുന്നത് തന്നെയാണ്.
അതേസമയം, ഇന്ന് ഖത്തർ സമയം വൈകിട്ട് 6 ന് അൾജീരിയ-ടുണീഷ്യ അറബ് കപ്പ് ഫൈനൽ അരങ്ങേറും. അൽ ബയാത്ത് സ്റ്റേഡിയത്തിലാണ് പ്രഥമ ഫിഫ അറബ് കപ്പിന്റെ ആദ്യ കിരീട ജേതാവിനെ ലോകം കാത്തിരിക്കുന്നത്.