പ്രഥമ ഫിഫ അറബ് കപ്പ് കിരീടം അൾജീരിയക്ക്. അൽ ബയാത്ത് സ്റ്റേഡിയത്തിൽ നടന്ന കരുത്തുറ്റ പോരാട്ടത്തിൽ 2-0 നാണ് ടീം ട്യുണീഷ്യയെ തോൽപ്പിച്ചത്. ഗോൾരഹിത സമനിലയിൽ അവസാനിച്ച ഇരുപകുതികൾക്കും ശേഷം, 2 ഗോളുകളും എക്സ്ട്രാ സമയത്തിലാണ് അൾജീരിയ നേടിയത്. അധികസമയം അവസാനിരിക്കെ ഏതാനും നിമിഷങ്ങൾക്ക് മുൻപ് യചിൻ ബ്രാഹിമിയുടെ അവിശ്വസനീയ രണ്ടാം ഗോളിലൂടെ അൾജീരിയ വിജയം അവിസ്മരണീയമാക്കി. ആദ്യഗോൾ നേടിയ ആമിർ സയൂദാണ് മാൻ ഓഫ് ദ മാച്ച്.
മത്സരം തുടക്കത്തിൽ തന്നെ ഇരുടീമുകളും മുന്നേറ്റം ആരംഭിച്ചിരുന്നു. അൾജീരിയയുടെ മികച്ച പ്രതിരോധവും തുടർ ആക്രമണവും കൊണ്ട് ഒപ്പത്തിനൊപ്പം, ഏതാനും മഞ്ഞക്കാർഡുകളും തർക്കങ്ങളും കണ്ട ആദ്യ പകുതി, ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ആദ്യം ലഭിച്ച കോർണർ കിക്കിലൂടെ അൾജീരിയ പെട്ടെന്ന് തന്നെ കളിയുടെ തീവ്രതയിലേക്ക് വന്നു. ഇല്യാസ് ചെട്ടിയുടെയും ബാഗ്ദാദ് ബൗണ്ട്ജെയുടെയും ഗോൾ ശ്രമങ്ങൾ ഫലവത്തായില്ല. തുടർച്ചയായ ഗോൾ അവസരങ്ങൾ പാഴായ രണ്ടാം പകുതിയിൽ ട്യുണീഷ്യയും തകർത്തു തന്നെ മുന്നേറി. സൈഫെദ്ധീൻ ജസിറിയുടെ 89-താം മിനിറ്റിലെ ഗോൾ ശ്രമം ഇഞ്ചുകൾ വ്യത്യാസത്തിൽ നഷ്ടപ്പെട്ടതോടെ കളി സ്റ്റോപ്പേജ് സമയത്തിലേക്ക് നീണ്ടു.
എക്സ്ട്രാ സമയത്തിലെ എട്ടാം മിനിറ്റിൽ തന്നെ അൾജീരിയയുടെ അമിർ സയൂദ് ഗോൾ നേടി. ഇതോടെ കളിയിൽ അൾജീരിയ വ്യക്തമായ ആധിപത്യം സ്ഥാപിച്ചുകൊണ്ടു എക്സ്ട്രാ സമയത്തിന്റെ രണ്ടാം പകുതിയിലെത്തിയ മത്സരത്തിൽ, ടുണീഷ്യ സമനില പിടിക്കാൻ കഴിവത് ശ്രമിച്ചെങ്കിലും ഭാഗ്യവും കരുത്തും അൾജീരിയക്കൊപ്പമായി. സമയം അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ ബാക്കിയിരിക്കെയാണ് രണ്ടാം ഗോൾ നേടി അൾജീരിയ അറബ് കപ്പ് ഫൈനലിലെ കിരീടധാരണത്തിൽ സർവ സായൂജ്യമടഞ്ഞത്.