BusinessQatar

പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് ഖത്തറിൽ നികുതി വർധിപ്പിച്ചു; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ

ദോഹ: ഖത്തറിൽ മധുരപാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ എക്സൈസ് നികുതി നിയമം പ്രഖ്യാപിച്ചു. 2018-ലെ 25-ാം നമ്പർ എക്സൈസ് നികുതി നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള 2026-ലെ രണ്ടാം നമ്പർ നിയമമാണ് ജനറൽ ടാക്സ് അതോറിറ്റി പുറപ്പെടുവിച്ചത്.

​പുതിയ ഭേദഗതി പ്രകാരം പഞ്ചസാര അമിതമായി അടങ്ങിയ പാനീയങ്ങളെ എക്സൈസ് നികുതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സോഫ്റ്റ് ഡ്രിങ്കുകൾ, മധുരം ചേർത്ത പഴച്ചാറുകൾ എന്നിവയ്ക്കെല്ലാം ഇനി മുതൽ പുതിയ രീതിയിലായിരിക്കും നികുതി ഈടാക്കുക.

പ്രധാന മാറ്റങ്ങൾ:

​മുൻപ് ഉൽപ്പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനമായിരുന്നു നികുതിയായി ഈടാക്കിയിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം, പാനീയത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയോ മധുരത്തിന്റെയോ അളവ് അനുസരിച്ചായിരിക്കും (Tiered volume model) നികുതി നിശ്ചയിക്കുന്നത്. ചുരുക്കത്തിൽ, മധുരം കൂടുന്തോറും പാനീയത്തിന്റെ വിലയും വർധിക്കും.

​പുതിയ നിയമം പുറത്തിറങ്ങി മൂന്ന് മാസത്തിന് ശേഷം ഇത് പ്രാബല്യത്തിൽ വരും. നികുതി നൽകേണ്ട ഉൽപ്പന്നങ്ങൾ കൈവശമുള്ളവർ തങ്ങളുടെ സ്റ്റോക്ക് വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ വ്യാപാരികൾക്കും കമ്പനികൾക്കും പുതിയ നികുതി വ്യവസ്ഥയുമായി പൊരുത്തപ്പെടാൻ സാധിക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ.

Related Articles

Back to top button