ഫിഫ അറബ് കപ്പ് ദിവസങ്ങളിൽ അവധിയില്ല, അഭ്യൂഹങ്ങൾ വ്യാജം
നവംബർ 30 നും ഡിസംബർ 18 നും ഇടയിൽ രാജ്യത്ത് നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പ് 2021 കാലത്ത് ഖത്തറിലെ സ്‌കൂളുകളും സർവ്വകലാശാലകളും പതിവുപോലെ പ്രവർത്തിക്കും. ടൂർണമെന്റിനിടെ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിക്കുന്നതാണ് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള വിശദീകരണം. ഡിസംബർ പകുതിയോടെ നിരവധി സ്‌കൂളുകൾ ക്രിസ്മസിന് അവധി നൽകാനിരിക്കെ, അറബ് കപ്പിനൊപ്പം അവധിക്കാലം നേരത്തെയാക്കി എന്നായിരുന്നു അഭ്യൂഹങ്ങൾ.
അറബ് കപ്പിൽ സ്‌കൂളുകളിലെയും സർവകലാശാലകളിലെയും ഷെഡ്യൂളുകൾ മാറ്റമില്ലാതെ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ഞായറാഴ്ച ട്വീറ്റ് ചെയ്തു.
അതേസമയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയുടെ മുൻ പ്രഖ്യാപനമനുസരിച്ച്, ടൂർണമെന്റിന്റെ ഭാഗമായി കോർണിഷ് റോഡിൽ താത്കാലിക അടച്ചിടൽ ഉണ്ടാകും. നവംബർ 26 നും ഡിസംബർ 4 നുമിടയിലാണ് കോർണിഷ് സ്ട്രീറ്റ് ഇരു ദിശകളിലും അടച്ചിടുക.
ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിന്റെ 11-ാമത് എഡിഷൻ ഉൾപ്പെടെ നിരവധി ഫാൻ പരിപാടികൾ പ്രദേശത്ത് നടക്കുന്നതിനാലാണ് അടച്ചിടൽ. ഖത്തർ, യുഎഇ, അൾജീരിയ, ലെബനൻ എന്നിവയുൾപ്പെടെ 16 ടീമുകളാണ് പ്രഥമ ഫിഫ അറബ് കപ്പിൽ മാറ്റുരക്കുക.