ദോഹ: കൊവിഡ് പ്രതിസന്ധിയിൽ അതിജീവനത്തിന്റെ അവസാനഘട്ടത്തിലേക്ക് ഖത്തർ അടുക്കവേ, ശുഭസൂചനയായി കഴിഞ്ഞ 8 ദിവസങ്ങളായി ഖത്തറിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 8 ദിവസങ്ങളായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, പ്രതിദിന കോവിഡ് കേസുകളും മുൻ മാസങ്ങളെ അപേക്ഷിച്ച് വളരെയേറെ കുറവാണ്. അവസാനമായി ഖത്തറിൽ കോവിഡ് ബാധിച്ചു ഒരാൾ മരണപ്പെടുന്നത് ജൂലൈ 10 നാണ്. 76 കാരനായ വ്യക്തിക്ക് പ്രായാധിക്യപരമായ മറ്റസുഖങ്ങളും ഉണ്ടായിരുന്നു. ഖത്തറിൽ മൂന്നാം ഘട്ട ഇളവുകൾക്കൊപ്പം ജനജീവിതം കൂടുതൽ സാധാരണമായിട്ടും, കോവിഡ് നില താഴോട്ട് പോകുന്നത് വാക്സിനേഷൻ പ്രക്രിയയുടെ വിജയവും ഒപ്പം കോവിഡ് പോരാട്ടത്തിൽ ശുഭാപ്തികരമായ മുന്നേറ്റവുമാണ്.
ഇന്ന് നടത്തിയ 18615 ടെസ്റ്റുകളിലായി റിപ്പോർട്ട് ചെയ്ത 118 കേസുകൾ ഉൾപ്പെടെ നിലവിൽ ഖത്തറിൽ ആകെ രോഗികൾ 1574 മാത്രമാണ്. 94 പേർ ഇന്ന് രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തർ 222,105 ആയി. 16 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 66% പേർ രണ്ട് ഡോസും 78.4% പേർ ഒരു ഡോസും വാക്സീൻ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 19,961 ഡോസ് വാക്സീനുകൾ നൽകി.