sports

കരിയറിൽ ആദ്യമായി 90 മീറ്ററിൽ കൂടുതൽ ദൂരം, ദോഹയിൽ ചരിത്രം കുറിച്ച് നീരജ് ചോപ്ര

ദോഹയിൽ ചരിത്രമെഴുതി ഇന്ത്യൻ അത്‌ലറ്റ് നീരജ് ചോപ്ര. വെള്ളിയാഴ്ച്ച, ദോഹ ഡയമണ്ട് ലീഗിനിടെ, കരിയറിൽ ആദ്യമായി അദ്ദേഹം 90 മീറ്ററിൽ കൂടുതൽ ദൂരത്തേക്ക് ജാവലിൻ പായിച്ചു. തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ഇരുപത്തിയേഴുകാരനായ അദ്ദേഹം 90.23 മീറ്റർ എറിഞ്ഞത്. വലിയ പിന്തുണയാണ് അദ്ദേഹത്തിന് ദോഹയിലെ കാണികളിൽ നിന്നും ലഭിച്ചത്.

എന്നാൽ നീരജിന്റെ പേഴ്‌സണൽ റെക്കോർഡ് ത്രോക്കും ഈ ഇനത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല. ജർമ്മനിയിൽ നിന്നുള്ള ജൂലിയൻ വെബർ തന്റെ അവസാന ശ്രമത്തിൽ 91.06 മീറ്റർ എറിഞ്ഞ് ഒന്നാം സ്ഥാനം നേടി. നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.

ഗ്രെനഡയിൽ നിന്നുള്ള ആൻഡേഴ്‌സൺ പീറ്റേഴ്‌സ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. മറ്റൊരു ഇന്ത്യൻ അത്‌ലറ്റ് കിഷോർ ജെന എട്ടാം സ്ഥാനം നേടി.

ഒന്നാം സ്ഥാനം നേടിയ ജൂലിയൻ വെബർ 90 മീറ്റർ ദൂരം മറികടക്കുന്നതും കരിയറിൽ ഇതാദ്യമായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ 26-ാമത്തെ വ്യക്തിയാണ് അദ്ദേഹം.

88.44 മീറ്റർ എറിഞ്ഞാണ് നീരജ് മത്സരത്തിന് തുടക്കമിട്ടത്. രണ്ടാമത്തെയും അഞ്ചാമത്തെയും ത്രോകൾ ഫൗളുകളായിരുന്നു. നാലാമത്തെ ശ്രമത്തിൽ അദ്ദേഹം 80.56 മീറ്റർ മാത്രമാണ് എറിഞ്ഞത്. അദ്ദേഹം അവസാന എറിഞ്ഞ ദൂരം 88.20 മീറ്ററായിരുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/D4WDfhjld0jFXSYHVlwyf2

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button