BusinessQatar

കടയുടമകളുടെ ശ്രദ്ധയ്ക്ക്: സ്കൂൾ സീസൺ: വിപണികളിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI). സ്കൂൾ വിപണി സജീവമായ സാഹചര്യത്തിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനുമാണ് മന്ത്രാലയം കർശന നടപടികൾ സ്വീകരിക്കുന്നത്.

തിങ്കളാഴ്ച മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സ്റ്റേഷനറി കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. സ്കൂൾ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ഉൽപ്പന്നങ്ങളുടെ വില കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഷെൽഫുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലയും ബില്ലിംഗ് കൗണ്ടറുകളിൽ ഈടാക്കുന്ന വിലയും തമ്മിൽ വ്യത്യാസമില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുന്നു. കൂടാതെ, നിലവിലുള്ള പ്രൊമോഷനുകളും ഡിസ്കൗണ്ടുകളും നിയമപരമാണോ എന്നും അവയുടെ നിബന്ധനകൾ വ്യക്തമാണോ എന്നും പരിശോധനാ സംഘം വിലയിരുത്തുന്നുണ്ട്.

പരിശോധനയുടെ ഭാഗമായി സ്റ്റേഷനറി കടകൾക്ക് പുറമെ റെസ്റ്റോറന്റുകൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ഇലക്ട്രോണിക് ഷോപ്പുകൾ എന്നിവിടങ്ങളിലും മന്ത്രാലയം നിരീക്ഷണം ശക്തമാക്കി. വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം തടയുക, ലൈസൻസുകളുടെ കാലാവധി പരിശോധിക്കുക, പൊതുതാൽപ്പര്യത്തിനും സാമൂഹിക മര്യാദകൾക്കും വിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ പരിശോധനകളുടെ ലക്ഷ്യം.

വരും ദിവസങ്ങളിലും രാജ്യത്തുടനീളം ഇത്തരം മിന്നൽ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണ നിയമവും അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളും ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. വിപണിയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ ചൂഷണമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മന്ത്രാലയത്തെ അറിയിക്കണമെന്ന് സ്വദേശികളോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു.

Related Articles

Back to top button