ഖത്തറിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ റെയ്ഡ് ആരംഭിച്ച് മന്ത്രാലയം

ദോഹ: രാജ്യത്തെ ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ പരിശോധനാ കാമ്പെയ്‌നുകൾ ആരംഭിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഗാർഹിക തൊഴിലാളികളുടെ പ്രൊബേഷൻ കാലാവധി നീട്ടാനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് തുകാ പരിധി നിശ്ചയിക്കാനുമുള്ള തീരുമാനത്തിന് പിന്നാലെ ഇവ നടപ്പിലാക്കുന്നതിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പ്രതിബദ്ധത വിലയിരുത്താനാണ് റെയ്ഡ്.
റിക്രൂട്ട്‌മെന്റ് ഓഫീസുകൾ വഴി എന്തെങ്കിലും ദുരുപയോഗങ്ങളോ ലംഘനങ്ങളോ ഉണ്ടായാൽ 40288101 എന്ന ഹോട്ട്‌ലൈൻ വഴിയോ Info@mol.gov.qa എന്ന ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്യാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
ഗാർഹിക തൊഴിലാളികളുടെ പ്രൊബേഷൻ കാലാവധി മൂന്ന് മാസത്തിൽ നിന്ന് ഒമ്പത് മാസമായി നീട്ടാനുള്ള തീരുമാനം 2022 ജനുവരി 8 മുതൽ പ്രാബല്യത്തിൽ വന്നതായി മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.