ലീഗൽ സ്റ്റാറ്റസ് ശരിയാക്കേണ്ട പ്രവാസികൾ കഴിയുന്നത്ര നേരത്തെ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണം
ദോഹ: ഖത്തറിൽ എൻട്രി ആന്റ് എക്സിറ്റ് വീസ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി കഴിയുന്ന പ്രവാസികൾക്ക് അവരുടെ ലീഗൽ സ്റ്റാറ്റസ് ശരിയാക്കി നിയമപരമായ ഒത്തുതീർപ്പ് നേടാൻ മാർച്ച് 31 വരെ നീട്ടി നൽകിയ സമയം കഴിയുന്നത്ര വേഗം പ്രയോജനപ്പെടുത്തണമെന്ന്, ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി എല്ലാ വിധ സൗകര്യങ്ങളും പിന്തുണയും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റും ഏകീകൃത സേവന വകുപ്പും നൽകുന്നുണ്ട്.
ബുധനാഴ്ച വൈകുന്നേരം സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റിന്റെ ആസ്ഥാനത്ത് മാധ്യമ പ്രതിനിധികളോട് സംസാരിച്ച ഗ്രേസ് പിരീഡ് ഓഫീസർമാരായ സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റിലെ ക്യാപ്റ്റൻ കമാൽ താഹിർ അൽ തൈരിയും ഏകീകൃത സേവന വിഭാഗത്തിൽ നിന്നുള്ള ക്യാപ്റ്റൻ മുഹമ്മദ് അലി അൽ റാഷിദും ഇക്കാര്യങ്ങൾ വിശദമാക്കി.
കമ്പനി ഉടമകളുടേയും പ്രവാസി തൊഴിലാളികളുടേയും താൽപ്പര്യങ്ങൾ പരിഗണിക്കുന്നതിന്റെ ഭാഗമായി, ഒത്തുതീർപ്പ് തുകയിൽ 50% കുറച്ചതിന്റെ പ്രയോജനം ലഭിക്കുന്നതിന്, 2021 ഒക്ടോബർ 10 മുതൽ ഡിസംബർ 31 വരെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് ആണ് 2022 മാർച്ച് 31 വരെ നീട്ടി നൽകിയത്.
നിയമലംഘകർക്ക് ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് മാറാനും അല്ലെങ്കിൽ എല്ലാ നിയമപരമായ ഉത്തരവാദിത്തങ്ങളും ഒഴിവാക്കിക്കൊണ്ട് സ്വന്തം താൽപ്പര്യത്തിന് രാജ്യം വിടാനോ ഇതിലൂടെ സാധിക്കും.
ഈ കാലയളവിൽ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങളിൽ നിന്ന് പ്രയോജനം നേടാൻ നടപടിക്രമങ്ങൾ മുൻകൂട്ടി പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തുകയോ നീട്ടിവെക്കുകയോ ചെയ്യരുതെന്നും ക്യാപ്റ്റൻ കമാൽ റസിഡൻസി നിയമം ലംഘിക്കുന്നവരോട് അഭ്യർത്ഥിച്ചു.
സാൽവ റോഡിലുള്ള സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസിനെ സമീപിച്ചാണ് പ്രവാസികൾ നടപടികൾ പൂർത്തിയാക്കേണ്ടത്. അല്ലെങ്കിൽ, ഉമ്മ് സലാല്‍, ഉമ്മ് സുനൈം (മുൻപ് ഇൻഡസ്ട്രിയൽ ഏരിയ), മെസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങളിലും ഒത്തുതീര്‍പ്പിനായി സമീപിക്കാം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറു മണി വരെയാണ് ഒത്തുതീര്‍പ്പിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
റെസിഡൻസി ചട്ടം ലംഘിച്ച പ്രവാസികൾ, തൊഴിൽ വീസ ചട്ടം ലംഘിച്ച പ്രവാസികൾ, ഫാമിലി വിസിറ്റ് വിസ ചട്ടം ലംഘിച്ച പ്രവാസികൾ എന്നിവർക്കാണ് ഈ അവസരം പ്രയോജനപ്പെടുക.