വിദ്യാർത്ഥികളുടെ സുരക്ഷ, പരിസ്ഥിതി സൗഹൃദ രീതികൾ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവൽക്കരണവുമായി മന്ത്രാലയങ്ങൾ
സ്‌കൂൾ വിടുന്ന സമയത്തും പിക്ക് അപ്പ് സമയത്തും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) എല്ലാവരേയും ഓർമ്മിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അവർ വ്യക്തമാക്കി. ഇതിനെ സഹായിക്കാൻ, മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ബാക്ക്-ടു-സ്‌കൂൾ സുരക്ഷാ കാമ്പയിൻ ആരംഭിച്ചു. ട്രാഫിക് നിയമങ്ങളെക്കുറിച്ചും സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ചും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പഠിപ്പിക്കുകയാണ് ഈ കാമ്പയിൻ ലക്ഷ്യമിടുന്നത്.
ഒരു പുതിയ ബോധവൽക്കരണ വീഡിയോയിൽ, സുരക്ഷിതമായ ഡ്രൈവിങ്, ട്രാഫിക് നിയമങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമാക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്‌തംബർ 3 മുതൽ, ഡ്രൈവിങ്ങിനിടെയുള്ള സീറ്റ് ബെൽറ്റ് ഉപയോഗവും ഫോൺ ഉപയോഗവും പരിശോധിക്കുന്ന ഓട്ടോമേറ്റഡ് റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാത്തതോ ഫോൺ ഉപയോഗിക്കുന്നതോ ആയ ഡ്രൈവർമാരെ ഈ റഡാറുകൾ പിടികൂടും.
സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനുള്ള ചില പ്രധാന സുരക്ഷാ ടിപ്പുകൾ കുട്ടികളെ പഠിപ്പിക്കാൻ MoI മാതാപിതാക്കളെ ഉപദേശിക്കുന്നു. ബസിൻ്റെ ജനാലകളോ എമർജൻസി എക്‌സിറ്റുകളോ ഉപയോഗിച്ച് കളിക്കാതിരിക്കുക, ക്രമാനുഗതമായി ബസിൽ നിന്ന് ഇറങ്ങുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്‌കൂളുകൾക്ക് ചുറ്റുമുള്ള ഗതാഗതം മെച്ചപ്പെടുത്താനും തിരക്കേറിയ കവലകളിലും സ്‌കൂൾ സോണുകളിലും പട്രോളിംഗ് വർദ്ധിപ്പിച്ച് തിരക്ക് കുറയ്ക്കാനും ബാക്ക്-ടു-സ്‌കൂൾ ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് ജനറൽ ആശുപത്രിയിലെ ട്രോമ ആൻഡ് എമർജൻസി സെൻ്റർ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് എന്നിവ അപകടങ്ങൾ തടയാൻ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. അതേസമയം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) പരിസ്ഥിതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്നു. സ്‌കൂളുകൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പരിസ്ഥിതി പ്രവർത്തനങ്ങൾ ആരംഭിക്കുക, വിദ്യാർത്ഥികളെ ഉൾപ്പെടുത്തുക, സാധാരണ ട്രാഷ് കാനിൽ നിന്നും പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ വേർതിരിക്കുക, സ്‌കൂൾ മുറ്റത്ത് മരങ്ങൾ നടുക, ഉപയോഗത്തിലില്ലാത്തപ്പോൾ ലൈറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഓഫ് ചെയ്യാൻ വിദ്യാർത്ഥികളെ പഠിപ്പിക്കുക, കുറഞ്ഞ തോതിൽ വെള്ളം ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ സ്‌കൂളുകൾ സുസ്ഥിരമാകാൻ അഞ്ചു നിർദ്ദേശങ്ങളാണ് അവർ നൽകുന്നത്.
റീസൈക്കിൾ ചെയ്‌ത വസ്‌തുക്കളിൽ നിന്ന് നിർമ്മിച്ച ബാക്ക്പാക്കുകൾ തിരഞ്ഞെടുക്കാനും പരിസ്ഥിതി സൗഹൃദ സ്‌കൂൾ സപ്ലൈസ് വാങ്ങാനും പരിസ്ഥിതിയെക്കുറിച്ച് പഠിക്കുന്ന കാര്യങ്ങൾ സഹപാഠികളുമായി പങ്കിടാനും പരിസ്ഥിതി പ്രവർത്തനങ്ങളിൽ ചേരാനും അവർ ശുപാർശ ചെയ്യുന്നു.