
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളും പൊതുസുരക്ഷാ നടപടികളും പരിഗണിച്ച് ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 8 മണി വരെ ദോഹയിലെ ചില പ്രദേശങ്ങളിൽ കടൽഗതാഗതവും വിനോദപരമായ സമുദ്ര പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഷെറാട്ടൺ ദോഹ ഹോട്ടൽ വരെയുള്ള ദോഹ തീരദേശ മേഖലയിലാണ് നിയന്ത്രണം ബാധകമാകുന്നത്.
എല്ലാ സമുദ്ര വാഹനങ്ങൾക്കും നിയന്ത്രണം
അറിയിപ്പു പ്രകാരം, വ്യക്തികളും സ്ഥാപനങ്ങളും ഉടമസ്ഥതയിലുള്ള എല്ലാ സമുദ്ര വാഹനങ്ങളുടെയും സഞ്ചാരവും പ്രവർത്തനങ്ങളും ഈ കാലയളവിൽ നിർത്തിവെക്കണം. വിനോദ ബോട്ടുകൾ, ടൂറിസം ബോട്ടുകൾ, മത്സ്യബന്ധന വള്ളങ്ങൾ, വാട്ടർ സ്കൂട്ടറുകൾ ഉൾപ്പെടെ സമാനമായ എല്ലാ സമുദ്ര പ്രവർത്തനങ്ങളും വിലക്കിന് വിധേയമായിരിക്കും.
ദേശീയ ദിനാഘോഷങ്ങൾ സുരക്ഷിതമായി നടത്തുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട എല്ലാവരും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.




