Qatarsports

ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ: ഫാൻ സോൺ ടൂർണമെന്റിൽ അർജന്റീനക്ക് വേണ്ടി ബൂട്ടണിയാൻ മലയാളി കുട്ടികൾ

ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തർ 2025™ ഫാൻ സോൺ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് ഫുട്ബോൾ ഇവന്റായ TMRW’S G.O.A.T ടൂർണമെന്റിൽ സാക്ഷാൽ അർജന്റീനക്ക് വേണ്ടി മലയാളി കുട്ടികൾ ബൂട്ടണിയും.

ടൂർണമെന്റിൽ പങ്കെടുക്കാൻ ഖത്തറിലെ ജനപ്രിയ ഫുട്‌ബോൾ അക്കാദമിയായ ബ്ലാസ്റ്റേഴ്‌സ് അക്കാദമിക്ക് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയുടെ ഔദ്യോഗിക ക്ഷണം ലഭിച്ച പശ്ചാത്തലത്തിലാണ് മലയാളി കൗമാര താരങ്ങൾ ചരിത്രം രചിക്കാൻ ഒരുങ്ങുന്നത്.

ലോകഫുട്ബോളിലെ ഐതിഹാസിക ടീമായ അർജന്റീനയെ പ്രതിനിധീകരിക്കാനാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെ ടീം 1 തിരഞ്ഞെടുക്കപ്പെട്ടത് എന്നത് നേട്ടത്തിന് തിളക്കമേറ്റുന്നു.

TMRW’s G.O.A.T ടൂർണമെന്റ് 11 നും 12 നും ഇടയിൽ പ്രായമുള്ള കൗമാര താരങ്ങളെ ഉൾപ്പെടുത്തിയാണ് നടക്കുക. FIFA U-17 വേൾഡ് കപ്പിൽ മത്സരിക്കുന്ന രാജ്യങ്ങളിലൊന്നിനെ പ്രതിനിധീകരിച്ച് ടീമുകൾ രൂപീകരിക്കുന്നു. ഇതുവഴി ടൂർണമെന്റിന്റെ ആവേശം ഇരട്ടിപ്പിക്കുന്നു.

ഫിഫ അണ്ടർ 17 ലോകകപ്പിന്റെ പശ്ചാത്തലത്തിൽ, കൂടുതൽ യുവ കളിക്കാരെ ഉൾപ്പെടുത്തി ടൂർണമെന്റിന്റെ ആവേശം ആഘോഷിക്കുക എന്നതാണ് ഈ സമാന്തര മത്സരങ്ങളുടെ ലക്ഷ്യം.

2025 നവംബർ 3 മുതൽ നവംബർ 27 വരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് അക്കാദമിയെ മെയിൽ ചെയ്തുകൊണ്ട് സുപ്രീം കമ്മിറ്റി ആത്മാർത്ഥമായ നന്ദി അറിയിച്ചു. 

ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ പങ്കാളിത്തം അക്കാദമി ഇക്കാലയളവിൽ നേടിയെടുത്ത ഫുട്‌ബോൾ പരിശീലന മികവിന്റെ തിളങ്ങുന്ന അധ്യായമാവുന്നു. മലയാളി കുട്ടികൾക്കിടയിലെ യുവ ഫുട്ബോൾ പ്രതിഭകളുടെ വർദ്ധിച്ചുവരുന്ന അംഗീകാരവും ഈ നേട്ടം വിളിച്ചോതുന്നു.

ടീം രജിസ്ട്രേഷനുകളും ക്രമീകരണവും ഇപ്പോൾ പൂർത്തിയായതോടെ, ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് സംഘാടകർ പ്രവേശിച്ചു. അന്താരാഷ്ട്ര വേദിയിൽ തങ്ങളുടെ വിദ്യാർത്ഥികളുടെ കഴിവുകൾ, അഭിനിവേശം, കായികക്ഷമത എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു അവിസ്മരണീയ അവസരമായിരിക്കും ഈ പരിപാടിയെന്ന് ബ്ലാസ്റ്റേഴ്‌സ് അധികൃതർ പറഞ്ഞു.

Related Articles

Back to top button